മാഞ്ചസ്റ്റർ: ലോക ക്രിക്കറ്റിലെ യുദ്ധം ഇന്ന്. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ ഇറങ്ങും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രോഫോഡ് ക്രിക്കറ്റ് മൈതാനത്ത് മഴ പെയ്തില്ലെങ്കിൽ ഇന്ന് തീപ്പൊരി ചിതറും.
20 വർഷത്തിനുശേഷം വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധത്തിന് ഓൾഡ് ട്രാഫോഡ് വേദിയാകുന്നു. ബാറ്റും ബോളും പീരങ്കിയും ബോംബുമായിത്തീരുന്ന പോരാട്ടത്തിനു മഴ വിഘ്നം സൃഷ്ടിക്കരുതേയെന്ന പ്രാർഥനയിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ, ഉച്ച കഴിഞ്ഞ് മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ മത്സരം മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. സമാന ദുരനുഭവം ഉണ്ടാകരുതേയെന്നാണ് ക്രിക്കറ്റ് ലോകത്തെ ഏക പ്രാർഥന.
രോഹിത്, കോഹ്ലി
2017 ചാന്പ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയും ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഓപ്പണർ ശിഖർ ധവാന്റെ അഭാവത്തിൽ ഇന്ത്യൻ ബാറ്റിംഗ് ടോപ് ഓർഡറിന്റെ എല്ലാ ഭാരവും രോഹിത് ശർമയിലും വിരാട് കോഹ്ലിയിലുമാണ്. ധവാനും രോഹിത്തും ഇതിനോടകം സെഞ്ചുറി നേടിയിട്ടുണ്ട്. ഓപ്പണറായി കെ.എൽ. രാഹുലിന് തിളങ്ങാനുള്ള അവസരമാണുള്ളത്. രണ്ട് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 179 റണ്‍സ് നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രണ്ട് മത്സരങ്ങളിൽനിന്ന് ക്യാപ്റ്റൻ കോഹ്ലി 100 റണ്‍സ് എടുത്തിട്ടുണ്ട്. രാഹുൽ ഓപ്പണറാകുന്പോൾ നാലാം നന്പറിൽ ആര് എത്തുമെന്നതിനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അമീറിനെ സൂക്ഷിക്കണം
ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽനിന്ന് 10 വിക്കറ്റ് വീഴ്ത്തിയ പാക് പേസർ മുഹമ്മദ് അമീറിന്റെ പന്തുകളാണ് ഇന്ത്യയുടെ ടോപ് ഓർഡറിനെ ഏറ്റവും പരീക്ഷിക്കുക. അമീറിനെ ഭയപ്പാടോടെ സമീപിക്കരുതെന്നാണ് സച്ചിൻ തെണ്ടുൽക്കർ ഇന്ത്യൻ താരങ്ങൾക്ക് നല്കുന്ന ഉപദേശം. 2017 ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ടോപ് ഓർഡറിനെ നിലംപരിശാക്കിയത് അമീർ ആയിരുന്നു.
രോഹിത്, ധവാൻ, കോഹ്ലി എന്നിവരെ ആദ്യ ഒന്‍പത് ഓവറിനുള്ളിൽ അന്ന് അമീർ പവലിയനിലെത്തിച്ചപ്പോൾ ഇന്ത്യ 158നു പുറത്തായി 180 റണ്‍സിന്റെ തോൽവി വഴങ്ങി. ആദ്യ ഓവറിൽത്തന്നെ രോഹിതിനെ പാക് പേസർ വിക്കറ്റിനു മുന്നിൽ കുടുക്കിയിരുന്നു.അമീറിനൊപ്പം ഷദാബ് ഖാൻ, വഹാബ് റിയാസ്, ഷഹീർ അഫ്രീദി തുടങ്ങിയ പേസർമാരും ഒന്നിക്കുന്പോൾ ഇന്ത്യക്ക് പിടിപ്പതു പണിയാകും.
ഹഫീസ്, അസം
ലോകകപ്പിൽ ഇതുവരെ പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് മുഹമ്മദ് ഹഫീസും ബാബർ അസവുമാണ്. ഹഫീസ് മൂന്ന് മത്സരങ്ങളിൽനിന്ന് 146 റണ്‍സ് നേടി പാക് നിരയിലെ ടോപ് സ്കോററായി നിൽക്കുന്നു. 115 റണ്‍സുള്ള അസം ആണ് രണ്ടാമത്. എന്നാൽ, 2017 ചാന്പ്യൻസ് ട്രോഫിയിൽ മാൻ ഓഫ് ദ മാച്ച് ആയ ഫഖർ സമാൻ ലോകകപ്പിൽ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. ഇന്ത്യക്കെതിരേ അതുണ്ടാകുമോയെന്ന് കണ്ടറിയണം.
ബുംറ, ഭുവി
2017 ചാന്പ്യൻസ് ട്രോഫിയിൽ രണ്ട് മെയ്ഡിൻ അടക്കം മികച്ച ബൗളിംഗ് കാഴ്ചവച്ച ഭുവനേശ്വർ കുമാറിലാണ് ഇത്തവണയും പ്രതീക്ഷ. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും ഭുവി മികച്ച ബൗളിംഗ് ആയിരുന്നു കാഴ്ചവച്ചത്. ബുംറ ഓസ്ട്രേലിയയ്ക്കെതിരേ നിറംമങ്ങിയിരുന്നു. എന്നാൽ, ഇന്ന് തന്റെ ക്ലാസ് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇവർക്കൊപ്പം കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ എന്നീ റിസ്റ്റ് സ്പിന്നർമാരുമാണ് ഇതുവരെ ഇന്ത്യൻ ബൗളിംഗ് നയിച്ചത്.
ചരിത്രം ഇതുവരെ
ലോകകപ്പിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ കീഴടക്കാൻ സാധിച്ചിട്ടില്ല. 1992 ലോകകപ്പ് മുതലാണ് ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം ആരംഭിച്ചത്. ഇതുവരെ കഴിഞ്ഞ ആറ് മത്സരങ്ങളിലും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ, ഏകദിന ക്രിക്കറ്റിൽ 131 തവണ ഇരു ടീമും ഏറ്റുമുട്ടിയതിൽ 73 ജയം പാക്കിസ്ഥാൻ സ്വന്തമാക്കി, ഇന്ത്യ 56ഉം.
ഇംഗ്ലണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയത് അഞ്ച് തവണ. അതിൽ മൂന്ന് ജയം പാക്കിസ്ഥാൻ നേടിയപ്പോൾ ഇന്ത്യ രണ്ട് എണ്ണത്തിൽ ജയിച്ചു. ഓൾഡ് ട്രാഫോഡിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. 1999ലെ ലോകകപ്പ് പോരാട്ടമായിരുന്നു ആദ്യത്തേത്. അന്ന് 47 റണ്‍സിന് ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 20 വർഷത്തിനുശേഷം ഓൾഡ് ട്രാഫോഡിൽ വീണ്ടും ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്.
മഴയ്ക്കു സാധ്യത
മാഞ്ചസ്റ്റർ: മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് മാഞ്ചസ്റ്ററിൽ ഇന്നുള്ളത്. കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെ നേരിയ മഴയ്ക്കു സാധ്യതയുണ്ട്. രാവിലെ 10 മുതൽ നേരിയ മഴയുണ്ടാകുമെന്നും ചില സൂചനകളുണ്ട്. പ്രാദേശിക സമയം രാവിലെ 10.30നാണ് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന്) ഇന്ത്യ-പാക് പോരാട്ടം ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ വീണ്ടും നേരിയ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ റിപ്പോർട്ട്.
നേരിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ഉയർന്ന താപനില 17 ഡിഗ്രി സെൽഷസ് ആയിരിക്കും. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ കനത്ത മഴ പെയ്തിരുന്നു. ഏതാനം മണിക്കൂറിനുള്ളിൽ മഴ മാറി സൂര്യപ്രകാശവുമെത്തിയിരുന്നു. ഇന്നും മഴ പെയ്താലും വേഗത്തിൽ സൂര്യനെത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.