ടീം ഇന്ത്യക്കുവേണ്ടി ബിസിസിഐ നടത്തുന്നതു ഐസിസി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്നാണു പാക്കിസ്ഥാന് അടക്കമുള്ള എതിരാളികളുടെ ക്രൂരവിമര്‍ശനം. ടീം ഇന്ത്യയുടെ പ്രകടനം കണ്ട് അസൂയപ്പെടുന്നവരാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നതാണു വാസ്തവം. കാരണം, ഈ ലോകകപ്പില്‍ സര്‍വം ഇന്ത്യമയമാണ്.
അതങ്ങനെയല്ലേ വരൂ… രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്… ഈ പതിനൊന്നു പേര്‍ക്ക് പകരംവയ്ക്കാനുള്ള ഏതവനാണ് ഇന്ത്യയില്‍ എത്തിയതെന്ന് ചോദിച്ചാല്‍ ഉത്തരത്തിനായി ഒരുനിമിഷമെങ്കിലും ശങ്കിക്കും.
ഇവരെല്ലാം ഒന്നിച്ച് ഒരു ലക്ഷ്യത്തിനായി പോരാടുന്ന കാഴ്ചയാണ് 2023 ഐസിസി ഏകദിന ലോകകപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണം. അതിനെ വിമര്ശനശരങ്ങളാല് തളര്‍ത്താമെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്ത്… ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം അത്രമേല്‍ സുന്ദരമാണ്…
10/10
ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ഒരേയൊരു ടീമാണ് ഇന്ത്യ. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് ചരിത്രം കുറിച്ചായിരുന്നു സെമിയിലെത്തിയത്.
സെമിയില്‍ ന്യൂസിലന്‍ഡിന്റെ വെല്ലുവിളി 70 റണ്‍സിനു മറികടന്ന് നേരെ ഫൈനലിലേക്ക്. ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ജയം നേടുന്ന മൂന്നാമത് ക്യാപ്റ്റന്‍ എന്ന നേട്ടത്തിലും രോഹിത് ഇതോടെയെത്തി.
ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, ഇന്ത്യയെ 2011 ലോകകപ്പിലെത്തിച്ച എം.എസ്. ധോണി എന്നിവര്‍ മാത്രമാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്.
കോഹ്ലി, രോഹിത്
ഈ ലോകകപ്പില്‍ ഫൈനല്‍ ശേഷിക്കേ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ചരിത്രം ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലി സ്വന്തമാക്കിക്കഴിഞ്ഞു. ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറിയിലൂടെ ഈ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ 711 റണ്‍സ് തികച്ചു കോഹ് ലി.
ഈ ലോകകപ്പില്‍ ഏറ്റവും ഫോര്‍ അടിച്ചതില്‍ ഒന്നാം സ്ഥാനവും കോഹ്ലിക്കു സ്വന്തം. 64 ഫോറുകളാണ് കോഹ്ലിയുടെ ബാറ്റില്‍നിന്ന് ഇതുവരെ പിറന്നത്.
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ എന്ന റിക്കാര്‍ഡും കോഹ്ലി കുറിച്ചു. അഞ്ച് അര്‍ധസെഞ്ചുറിയും മൂന്ന് സെഞ്ചുറിയും ഉള്‍പ്പെടെ എട്ട് 50+ സ്കോറുകള്‍ സൂപ്പര്‍ താരം ഇതുവരെ സ്വന്തമാക്കി.
ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്സ് എന്ന നേട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു സ്വന്തം. രോഹിതിന്റെ ബാറ്റില്‍നിന്ന് 28 തവണ പന്ത് വായുമാര്‍ഗം വേലിക്കെട്ട് ഭേദിച്ചു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ രോഹിത് നടത്തുന്ന കടന്നാക്രമണമാണ് തുടര്‍ന്ന് നങ്കൂരമിട്ട് കളിക്കാന്‍ കോഹ്ലിക്കു സാധിക്കുന്നതിന്റെ പ്രധാന കാരണം.
ശ്രേയസ്, ബുംറ, ഷമി
ഈ ലോകകപ്പില്‍ മധ്യനിരയില്‍ ഏറ്റവും ശോഭിച്ച ബാറ്ററാണു ശ്രേയസ് അയ്യര്‍. ലോകകപ്പിനു മുമ്പ് ഫോമില്ലായ്മയും പരിക്കുമായി വലഞ്ഞ ശ്രേയസ് അയ്യറിനെ വിശ്വസിച്ചത് ഒരുപക്ഷേ, മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാത്രമായിരിക്കാം.
ലോക ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ നാലാം നമ്പര്‍ ബാറ്ററായി ശ്രേയസ് മാറിയതാണു കണ്ടത്. തുടര്‍ച്ചയായ രണ്ടു സെഞ്ചുറിയുള്‍പ്പെടെ 10 മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ അടിച്ചുകൂട്ടിയത് 526 റണ്‍സ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മധ്യനിര ബാറ്ററാണു ശ്രേയസ്.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിലും ഇന്ത്യന്‍ താരം തലപ്പത്ത്. വെറും ആറ് മത്സരത്തില്‍ 23 വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ഒന്നാമന്. 10 മത്സരത്തില്‍ 22 വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയാണ് രണ്ടാമത്.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം (മൂന്ന്) എന്ന നേട്ടവും ഷമിക്ക് സ്വന്തം. മികച്ച ബൗളിംഗ് ഇക്കോണമി (ജസ്പ്രീത് ബുംറ, 3.65), ബൗളിംഗ് ശരാശരി (ഷമി, 9.13) എന്നിവയിലും ഇന്ത്യന്‍ താരങ്ങളെ വെല്ലാന്‍ ഈ ലോകകപ്പില്‍ ഇതുവരെ എതിരാളികള്‍ക്കു സാധിച്ചിട്ടില്ല.
1983, 2011 എഡിഷനുകള്ക്കുശേഷം ഐസിസി ലോകകപ്പ് ട്രോഫി ഇന്ത്യയില്‍ വിശ്രമിക്കുന്നതു കാണാനുള്ള ആവേശക്കാത്തിരിപ്പിലാണ് ആരാധകര്‍…