പന്ത്രണ്ടാം എഡിഷൻ ഏകദിന ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്ന്… ബൗളിംഗ്, ബാറ്റിംഗ് ലോക ഒന്നാം നന്പർ താരങ്ങളുള്ള ടീം… ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനം… ആരാധകരുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാം നന്പർ… ഇതെല്ലാം ടീം ഇന്ത്യക്കുള്ള വിശേഷണങ്ങളാണ്. എന്നാൽ, എന്തൊക്കെ വിശേഷണങ്ങൾ ഉണ്ടായിട്ടെന്തുകാര്യം!
ലോകകപ്പ് തുടങ്ങി ഒരാഴ്ച ആകാറായിട്ടും ടീം ഇന്ത്യക്ക് കളത്തിലിറങ്ങാൻ സാധിച്ചിട്ടില്ല, ഇന്ത്യ ഇറങ്ങുന്നതു കാണാനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ്. ലോകകപ്പ് തുടങ്ങി ഏഴാം നാളിൽ ടീം ഇന്ത്യ കളത്തിലെത്തും,
തായത് നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ. ഇന്ത്യക്കെതിരായ മത്സരം ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്പോഴേക്കും ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവ രണ്ട് കളികൾ വീതം പൂർത്തിയാക്കും.
വൈകാൻ കാരണം?
ഐസിസിക്കും മുകളിലാണ് ബിസിസിഐ എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ലോകകപ്പിൽ ഇന്ത്യയുടെ മത്സരം വൈകാൻ കാരണം. കഴിഞ്ഞ മേയിലാണ് ലോകകപ്പിന്റെ ഫിക്സചർ പുറത്തുവന്നത്. ഐസിസിയുടെ തീരുമാനപ്രകാരം ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം ജൂണ് രണ്ടിനായിരുന്നു നടക്കേണ്ടിയിരുന്നത്.
എന്നാൽ, ലോഥ കമ്മിറ്റി നിർദേശപ്രകാരം ഐപിഎൽ നടന്നതിനുശേഷം 15 ദിവസം കഴിഞ്ഞേ ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരം കളിക്കാൻ പാടുള്ളൂ. അതുകൊണ്ടാണ് മത്സരം നീട്ടിവയ്ക്കാൻ ഐസിസി നിർബന്ധിതരായത്. എന്നാൽ, ലോഥ കമ്മിറ്റിയും ഐസിസിയും തമ്മിൽ ബന്ധമില്ലാത്തതിനാൽ അത്തരത്തിൽ വഴങ്ങേണ്ട കാര്യമില്ലെന്നതാണ് വാസ്തവം.
മത്സരം വൈകാൻ മറ്റൊരു കാരണം ടെലിവിഷൻ സംപ്രേക്ഷണ അവകാശം നേടിയ സ്റ്റാർ സ്പോർട്സിന്റെ പിടിവാശിയാണ്. ഇന്ത്യയുടെ മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനം വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇന്ത്യയുടെ മത്സരങ്ങൾ തുടക്കത്തിലേ കഴിഞ്ഞു പോയാൽ ലോകകപ്പിന്റെ ആവേശം മങ്ങുമെന്നായിരുന്നു അവരുടെ വാദം.
ഐസിസി ഇക്കാര്യം അംഗീകരിച്ചതോടെ ലീഗ് റൗണ്ടിന്റെ അവസാനഘട്ടത്തിൽ ഇന്ത്യ തുടരെ കളത്തിലിറങ്ങേണ്ട അവസ്ഥയിലായി. അഞ്ച്, ഒന്പത്, 13, 16, 22, 27, 30, ജൂലൈ രണ്ട്, ആറ് എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.