ഭൂഗോളത്തിലെ ക്രിക്കറ്റ് പ്രേമികള്ക്ക് അറിയേണ്ടത് ഒന്നുമാത്രം, രോഹിത് ശര്മ നയിക്കുന്ന ഇന്ത്യന് ടീമിനെ തൊട്ടാല് പൊള്ളുമോ…? 2023 ഐസിസി ഏകദിന ലോകകപ്പില് ഇന്ത്യ സെമി ഫൈനലിലേക്ക് ഇരച്ചുകയറിയപ്പോള് ആരാധക ആവേശം ഇരട്ടിച്ചു.
രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഈ ടീം 2023 ലോകകപ്പ് ട്രോഫിയില് ചുംബിക്കുമെന്ന പ്രതീതിയാണ് നിലവില് ഇന്ത്യയില് ഉള്ളത്. ലീഗ് റൗണ്ടില് ഇതുവരെ അത്രയ്ക്ക് ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നതാണ് ഇതിന്റെ കാരണം.
അതുകൊണ്ടുതന്നെ ഇതുവരെയുള്ള പ്രകടനം വച്ചു നോക്കിയാല് രോഹിത്തിനെയും സംഘത്തെയും തൊട്ടാല് പൊള്ളുമെന്നുറപ്പ്… അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ശ്രീലങ്കയെ 55 റണ്സിനും ഇംഗ്ലണ്ടിനെ 129 റണ്സിനും ഇന്ത്യന് ബൗളര്മാര് എറിഞ്ഞിട്ടത്. പേരുകേട്ട ഇന്ത്യന് ബാറ്റിംഗ് നിരയെ 229/9ല് ഒതുക്കിയ ഇംഗ്ലണ്ടിനെയാണ് പൊള്ളിച്ചുവിട്ടത് എന്നതാണ് ഹൈലൈറ്റ്.
സെറ്റ് ടീം
2023 ലോകകപ്പില് ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്ന് നിസംശയം പറയാം. അത് ലോകകപ്പിനു മുമ്പുതന്നെ ഏവരും തലകുലുക്കി സമ്മതിച്ചതുമാണ്. രോഹിത് ശര്മ, ശുഭ്മാന് ഗില്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്, കെ.എല്. രാഹുല്, ഹാര്ദിക് പാണ്ഡ്യ/സൂര്യകുമാര് യാദവ്, രവീന്ദ്ര ജഡേജ എന്നിങ്ങനെ ഏഴാം നമ്പറില്വരെ ബാറ്റു ചെയ്യുന്നവര്.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിങ്ങനെ ഞെട്ടിപ്പിക്കുന്ന പേസ് ആക്രമണ സംഘം. ജഡേജയും കുല്ദീപ് യാദവും ചേരുന്ന സ്പിന് ആക്രമണം. പരിക്കേറ്റ് പുറത്തിരിക്കുന്ന ഹാര്ദിക് പാണ്ഡ്യ തിരിച്ചെത്തിയാല് ഇന്ത്യന് പേസ് ആക്രമണത്തിന്റെ ശക്തി ഒന്നുകൂടി വര്ധിക്കുമെന്നതും മറ്റൊരു വാസ്തവം.
ശരിക്കും ഒരു ഓള് റൗണ്ട് ടീമിന്റെ എല്ലാ ബാലന്സുമുള്ള സംഘമാണ് ഇപ്പോഴത്തെ ഇന്ത്യ. ടീം ജയിക്കുമ്പോഴും വിമര്ശനമേറ്റിരുന്ന ശുഭ്മാന് ഗില്ലും ശ്രേയസ് അയ്യറും മുഹമ്മദ് സിറാജും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലൂടെ ഫോമിലെത്തിയെന്നതും ശ്രദ്ധേയം.
ഷമി വന്നു, എല്ലാം ഓക്കെ
മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില് തിരിച്ചെത്തിയതാണ് ഇന്ത്യന് പേസ് ആക്രമണത്തിന്റെ കരുത്ത് വര്ധിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തില് പേസ് ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെയാണ് ഷമിയുടെ വഴി തെളിഞ്ഞത്.
അതുവരെ പേസ് ഓള് റൗണ്ടര് കുപ്പായത്തില് ടീമിലുണ്ടായിരുന്ന ഷാര്ദുള് ഠാക്കൂര് പുറത്തും ഷമി അകത്തും. അതുപോലെ ഹാര്ദിക്കിനു പകരം ബാറ്റിംഗില് സൂര്യകുമാര് യാദവും എത്തി. ഹാര്ദിക് ബാറ്റും ബോളും മികച്ച രീതിയില് കൈകാര്യം ചെയ്തിരുന്നു.
എന്നാല്, ഷാര്ദുള് മൂന്ന് മത്സരം കളിച്ചെങ്കിലും നേടിയത് വെറും രണ്ട് വിക്കറ്റ്. 17 ഓവര് എറിഞ്ഞ് 102 റണ്സ് വഴങ്ങിയായിരുന്നു ഷാര്ദുളിന്റെ രണ്ട് വിക്കറ്റ് എന്നതാണ് ഏറ്റവും ദയനീയം.
എന്നാല്, ഷമി എത്തിയതോടെ കാര്യങ്ങള് കീഴ്മേല് മറിഞ്ഞു. വെറും മൂന്ന് മത്സരങ്ങളില് ഷമി വീഴ്ത്തിയത് 14 വിക്കറ്റ്. ന്യൂസിലന്ഡിനെതിരേ 5/54, ഇംഗ്ലണ്ടിനെതിരേ 4/22, ശ്രീലങ്കയ്ക്കെതിരേ 5/18 എന്നിങ്ങനെ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഇതിനോടകം ഷമി കാഴ്ചവച്ചു. മൂന്ന് മത്സരത്തിലായി 22 ഓവറില് 94 റണ്സ് വഴങ്ങിയാണ് ഷമിയുടെ 14 വിക്കറ്റ് നേട്ടം.
ഇന്ത്യ x ദക്ഷിണാഫ്രിക്ക
കളിച്ച ഏഴ് മത്സരവും ജയിച്ച് ഇന്ത്യ സെമി ടിക്കറ്റ് എടുത്തു. എന്നാല്, ഈ ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമാണ് ഇന്ത്യയെ ഇനി കാത്തിരിക്കുന്നത്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ആ സൂപ്പര് ഡ്യൂപ്പര് പോരാട്ടം. നെതര്ലന്ഡ്സിനോട് അപ്രതീക്ഷിത തോല്വി വഴങ്ങിയതൊഴിച്ചാല് മറ്റെല്ലാ ടീമുകളെയും ആധികാരികമായി കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. +2.290 ആണ് ദക്ഷിണാഫ്രിക്കന് റണ്റേറ്റ്. റണ്റേറ്റിന്റെ കാര്യത്തില് ഈ ലോകകപ്പില് എല്ലാ മത്സരവും ജയിച്ച ഇന്ത്യയേക്കാളും (+2.102) മുന്നിലാണ് ദക്ഷിണാഫ്രിക്ക.
തുടർച്ചയായ നാലാം സെമി
ഇന്ത്യ ഐസിസി ഏകദിന ലോകകപ്പില് ഇന്ത്യ തുടര്ച്ചയായ നാലാം തവണയാണ് സെമിയില് പ്രവേശിക്കുന്നത്. 2011ല് ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില് ജേതാക്കളായി. 2015, 2019 ലോകകപ്പുകളില് സെമിയില് പുറത്ത്.
ഐസിസി ഏകദിന ലോകകപ്പില് ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് ലങ്കയ്ക്കെതിരായ 302 റണ്സിന്റേത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്ജിനിലുള്ള രണ്ടാം ജയവും. ഈ ലോകകപ്പില് നെതര്ലന്ഡ്സിനെ ഓസ്ട്രേലിയ 309 റണ്സിനു തകര്ത്തതാണ് ഒന്നാം സ്ഥാനത്ത്. 2007ല് ബെര്മുഡയെ 257 റണ്സിനു തോല്പ്പിച്ചതായിരുന്നു ഇന്ത്യയുടെ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ ജയം.