ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് നിറങ്ങളുടെ ഉത്സവം കൂടിയാണ്. ഇതുവരെ ലോകകപ്പ് വേദികളിൽ കണ്ടിട്ടില്ലാത്ത എവേ ജഴ്സി സംന്പ്രദായം ഇത്തവണ ലോകകപ്പിൽ ഉണ്ടാകും. ഫുട്ബോളിനു സമാനമായി എവേ ജഴ്സി ഉപയോഗിക്കുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പാണിത്.
ഈ ലോകകപ്പിൽ ഒരേ നിറത്തിലുള്ള ജഴ്സിയണിഞ്ഞ് കളിക്കുന്ന ടീമുകൾക്കെല്ലാം എവേ ജഴ്സി നിർബന്ധമാണ്. ലോകകപ്പ് ആരംഭിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ നാല് ടീമുകൾ തങ്ങളുടെ പുത്തൻ എവേ ജേഴ്സി കിറ്റുകൾ പുറത്തിറക്കി. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇതിനകം തങ്ങളുടെ എവേ ജഴ്സി പുറത്തിറക്കിയത്.
ടീം ഇന്ത്യയുടെ എവേ ജഴ്സിക്കായാണ് ആരാധകരുടെ കാത്തിരിപ്പ്. ഓറഞ്ച് നിറത്തിനു മുൻതൂക്കം വരുന്ന രീതിയിലാണ് ഇന്ത്യയുടെ എവേ ജഴ്സി എന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾ നീല ജഴ്സിയണിഞ്ഞാണ് ലോകകപ്പിൽ കളിക്കുന്നത്. ഇതിൽ ഇംഗ്ലണ്ട് ആതിഥേയരായതിനാൽ അവർക്ക് ഇത്തവണ എവേ ജഴ്സിയുടെ ആവശ്യമില്ല. ബാക്കി മൂന്ന് ടീമുകളിൽ ഇന്ത്യ ഒഴിച്ച് രണ്ട് പേരും എവേ ജഴ്സി പുറത്തിറക്കി.
പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുടെ ജഴ്സി നിറം പച്ചയാണ്. എന്നാൽ ഇതിൽ പാക്കിസ്ഥാന് പച്ച ജഴ്സി ധരിച്ചുതന്നെ മത്സരങ്ങളെല്ലാം കളിക്കാൻ ഐസിസി അനുമതി നൽകി. അതിനാൽ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് എവേ ജഴ്സി നിർബന്ധമാണ്. ടൂർണമെന്റിലെ മറ്റ് ടീമുകളായ വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളുടെ ജഴ്സി നിറം മറ്റ് ടീമുകൾക്ക് ഇല്ലാത്തതിനാൽ അവർക്ക് തങ്ങളുടെ ഒന്നാം നന്പർ ജഴ്സിയണിഞ്ഞ് കളിക്കാം.