നോട്ടിങാം: 12-ാം ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്നത് 10 ടീമുകൾ. എന്നാൽ, ഈ ലോകകപ്പിൽ നിറ സാന്നിധ്യമായി ഒരു ടീം കൂടി മത്സരിക്കുന്നുണ്ട്, മഴ. മഴയെത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടവും ഉപേക്ഷിച്ചു. ഇതോടെ ഈ ലോകകപ്പിൽ മഴക്കളിയിൽ ഉപേക്ഷിക്കപ്പെട്ട മത്സരങ്ങളുടെ എണ്ണം നാല് ആയി. അതിൽ മൂന്ന് മത്സരങ്ങൾ ടോസ് ചെയ്യാൻ പോലും സാധിക്കാതെയാണ് ഉപേക്ഷിച്ചതെന്നതും ശ്രദ്ധേയം. ഒരു ലോകകപ്പിൽ ഇത്രയും മത്സരങ്ങൾ മഴയിൽ ഒലിച്ചുപോകുന്നതും ചരിത്രത്തിൽ ആദ്യം.
ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും വൈകുന്നേരം 7.30നും അന്പയർമാർ മൈതാനത്ത് എത്തി പരിശോധന നടത്തിയെങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്റ് പങ്കിട്ടു.
ഇങ്ങനെ പോയാൽ എന്താകും ?
ഈ ലോകകപ്പിൽ ഷെഡ്യൂൾ ചെയ്യപ്പെട്ട 18-ാമത്തെ മത്സരമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം. 18 മത്സരങ്ങളിൽ നാല് എണ്ണം മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നത് ക്രിക്കറ്റ് ലോകം ഉത്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. കാരണം, മഴ തോർന്ന് മാനം തെളിഞ്ഞില്ലെങ്കിൽ കടുത്ത സാന്പത്തിക നഷ്ടം ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് നേരിടേണ്ടിവരിക.
റിസർവ് ദിവസങ്ങൾ ഇല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെടുന്ന മത്സരങ്ങൾ വീണ്ടും നടത്താനുള്ള സാഹചര്യമില്ലതാനും. ഐസിസി ഒരു പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ ഈ ലോകകപ്പിന്റെ എല്ലാ ആവേശവും ചോർന്നൊലിക്കുമെന്നുറപ്പ്.
മഴയുടെ റിക്കാർഡ് കളി
മഴയെത്തുടർന്ന് ഒരു ലോകകപ്പിൽ രണ്ട് മത്സരങ്ങളിൽ അധികം ഉപേക്ഷിച്ച ചരിത്രം ഇതുവരെ ഇല്ലായിരുന്നു. എന്നാൽ, ഇത്തവണ ആ റിക്കാർഡ് നാലായി ഉയർത്തപ്പെട്ടു. ഇനി എത്ര മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നതിൽ യാതൊരു വ്യക്തതയും ഇല്ല എന്നതും ഇതിനോടു ചേർത്തു വായിക്കേണ്ടിയിരിക്കുന്നു.
മഴയിൽ ഏറ്റവും കഷ്ടത അനുഭവിച്ചത് ശ്രീലങ്കയാണ്. ലങ്കയുടെ രണ്ട് മത്സരങ്ങൾ മഴ കൊണ്ടുപോയി. ഒരു ലോകകപ്പിൽ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചതിലും റിക്കാർഡ് കുറിക്കപ്പെട്ടു. മുന്പ് ഒരു മത്സരം വീതമേ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടുള്ളൂ. എന്നാൽ, ഇത്തവണ അത് മൂന്ന് ആയിട്ടുണ്ട്.
ശ്രീലങ്ക – പാക്കിസ്ഥാൻ, ശ്രീലങ്ക – ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരങ്ങൾക്കുപിന്നാലെ ഇന്ത്യ – ന്യൂസിലൻഡ് മത്സരവും മഴ കൊണ്ടുപോയി.
ടിക്കറ്റ് തുക പ്രശ്നം
ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചാൽ കാണികളുടെ ടിക്കറ്റ് തുക ഐസിസി തിരികെ നല്കും. എന്നാൽ, മൂന്നാമന്റെ കൈവശത്തുനിന്ന് ബ്ലാക്കിൽ വാങ്ങിയ ടിക്കറ്റ് ആണെങ്കിൽ തുക ലഭിക്കില്ല. ഇന്ത്യയുടെ കടുത്ത ആരാധകരിൽ ഒരു വിഭാഗം ഇത്തരത്തിൽ ബ്ലാക്ക് ടിക്കറ്റ് വാങ്ങിയാണ് ഗാലറിയിൽ എത്തുന്നത്. ഒരു ടിക്കറ്റിന് 70,000 രൂപയാണ് ഇന്നലത്തെ മത്സരത്തിന്റെ ബ്ലാക്ക് നിരക്ക്.
ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ ലഭിക്കാൻ 1.76 ലക്ഷം രൂപയാണ്. സിംഗപ്പുരിൽനിന്ന് ഇന്ത്യയുടെ കളികാണാനെത്തിയ സോഫ്റ്റ് വയർ എൻജിനിയറിന്റേതാണ് ഈ വെളിപ്പെടുത്തൽ.
ടെലിവിഷൻ സംപ്രേഷണ അവകാശം നേടിയവർക്ക് പക്ഷേ കാര്യങ്ങൾ അത്ര പ്രശ്നമല്ല. കാരണം, അവർ മത്സരങ്ങൾ ഇൻഷ്വറൻസ് ചെയ്തിട്ടുള്ളതിനാൽ നഷ്ടം പരിഹരിക്കപ്പെടും.