ലണ്ടൻ: ജയിക്കാൻ സാധിച്ചില്ലെങ്കിലും പാക്കിസ്ഥാന്റെ സെമി പ്രവേശത്തെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. അവസാന മത്സരത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനോട് 94 റൺസിനു പരാജയപ്പെട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിനു പുറത്തായി. ഇതോടെ ജയിച്ചെങ്കിലും റൺനിരക്കിൽ ന്യൂസിലൻഡിനെ മറികടക്കാൻ സാധിക്കാതെ പാക്കിസ്ഥാൻ ലോകകപ്പിൽനിന്നും പുറത്താകുകയും ചെയ്തു.
ഷഹസീൻ ഷാ അഫ്രീദിയുടെ തീപാറുന്ന പന്തുകളാണ് ജയിച്ചുമടങ്ങാമെന്ന ബംഗ്ലാദേശിന്റെ മോഹങ്ങളെ ഇല്ലാതാക്കിയത്. ഷഹസീൻ ആറു വിക്കറ്റുകൾ വീഴ്ത്തി. ബംഗ്ലാദേശ് നിരയിൽ അർധസെഞ്ചുറി നേടിയ ഷാക്കീബ് അൽ ഹസനുമാത്രമാണ് തിളങ്ങാനായത്. ലിന്റൺ ദാസും (32) ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും മികച്ച പ്രകടനം നടത്താനായില്ല.
ടോസ് ഭാഗ്യം തുണച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ ഇമാം ഉൾഹഖ് (100), ബാബർ അസം (96), ഇമാദ് വാസിം (46) എന്നിവരുടെ ബാറ്റിംഗ് മികവിൽ മികച്ച സ്കോർ കണ്ടെത്തി. എന്നാൽ സെമി പ്രവേശത്തിനു സാധ്യമാകുന്ന യമണ്ടൻ റൺമല തീർക്കാൻ പാക് ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല. ഓപ്പണർ ഫഖർ സമാൻ (13) തുടക്കത്തിലെ പുറത്തായത് തിരിച്ചടിയായി. എന്നാൽ ഇമാം ഉൾഹഖും ബാബർ അസമും ചേർന്ന് അത്യാവേശം കാട്ടാതെ സ്കോർബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 157 റൺസ് കൂട്ടിച്ചേർത്തു.
സെഞ്ചുറിയുടെ വക്കത്ത് ബാബർ മടങ്ങിയത് വീണ്ടും പാക് മോഹങ്ങൾക്ക് തിരിച്ചടിയായി. മൂന്നാം വിക്കറ്റിൽ ഇമാമും മുഹമ്മദ് ഹാഫീസും (27) ചേർന്ന് 66 റൺസ് കണ്ടെത്തി. അവസാന ഓവറുകളിൽ ഇമാദ് വാസിമിന്റെ പ്രകടനമാണ് സ്കോർ 300 കടത്തിയത്. പാക് നിരയിൽ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മുസ്തഫിസുർ റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സെയ്ഫുദ്ദീൻ മൂന്നും മെഹ്ദി ഹസൻ ഒരു വിക്കറ്റും നേടി.