മുംബൈ: അടുത്ത വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി അരങ്ങേറുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ ഉണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങളിൽനിന്ന് സൂചന. 2022 ലോകകപ്പിനുശേഷം ഇതുവരെ കോഹ്ലി ഇന്ത്യൻ ട്വന്റി-20 ടീമിൽ കളിച്ചിട്ടില്ല.
2022 ട്വന്റി-20 ലോകകപ്പിനുശേഷം രോഹിത് ശർമയും ഇന്ത്യക്കുവേണ്ടി ഇറങ്ങിയിട്ടില്ലെങ്കിലും 2024 എഡിഷനിൽ ദേശീയ ടീമിനെ നയിക്കുമെന്നും സൂചനയുണ്ട്. വെറും ആറ് മാസം മാത്രമാണ് ലോകകപ്പിലേക്ക് ഒരുങ്ങാൻ ഇന്ത്യക്കു മുന്നിലുള്ളത്.
രോഹിത്-ദ്രാവിഡ്
രോഹിത്-രാഹുൽ ദ്രാവിഡ് സഖ്യത്തിന് ഐസിസി ലോകകപ്പ് നേടാനുള്ള അവസാന അവസരം ബിസിസിഐ നൽകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അങ്ങനെയെങ്കിൽ 2024 ട്വന്റി-20 ലോകകപ്പിൽ രോഹിത് ശർമ ടീമിനെ നയിക്കും. 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷം ഇതുവരെ ഒരു ഐസിസി ട്രോഫി സ്വന്തമാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലിൽവരെ ആധികാരികമായി എത്തിയെങ്കിലും കപ്പിനുമുന്നിൽ കാലിടറി.
രോഹിത്-ദ്രാവിഡ് ക്യാപ്റ്റൻ-കോച്ച് സഖ്യം തലയുയർത്തിതന്നെയാണ് ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചത്. ദ്രാവിഡിന്റെ കരാർ ബിസിസിഐ ദീർഘിപ്പിച്ചു. എന്നാൽ, രോഹിതിന്റെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. 2022 ലോകകപ്പിനുശേഷം ഹാർദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ട്വന്റി-20 ക്യാപ്റ്റൻ. പരിക്കേറ്റ് പുറത്തിരിക്കുന്ന ഹാർദിക്കിന്റെ അഭാവത്തിൽ നിലവിൽ സൂര്യകുമാർ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.
കോഹ്ലിക്കു പകരം ഇഷാൻ
2022 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോൽവി വഴങ്ങിയതാണ് ഇന്ത്യക്കായി കോഹ്ലി അവസാനം ഇറങ്ങിയ ട്വന്റി-20 മത്സരം. കൂടുതൽ ആക്രമണകാരിയായ ബാറ്ററിനെ കോഹ്ലിക്കു പകരമായി മൂന്നാം നന്പറിൽ കൊണ്ടുവരാനാണ് ബിസിസിഐ ശ്രമം. അങ്ങനെയെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ ആ സ്ഥാനത്ത് എത്തുമെന്നും സൂചനയുണ്ട്.
രാജ്യാന്തര ട്വന്റി-20 ഭാവിയെ കുറിച്ച് ബിസിസിഐ വൈകാതെ വിരാട് കോഹ്ലിയുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്നത് അല്ലാതെ, 2024 ലോകകപ്പിനു മുന്‍പായി ഇന്ത്യക്ക് ഒരു ട്വന്റി-20 പരന്പര മാത്രമാണുള്ളത് എന്നതും ശ്രദ്ധേയം. ജനുവരിയിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും മൂന്ന് മത്സര ട്വന്റി-20 പരന്പര കളിക്കും.
2024 ഐപിഎൽ
അതേസമയം, 2024 ഐപിഎല്ലിൽ കോഹ്ലിയുടെ പ്രകടനം അനുസരിച്ച് ലോകകപ്പിലേക്ക് ക്ഷണം ലഭിക്കുമെന്നു നിരീക്ഷിക്കുന്നവരും ഉണ്ട്. മാർച്ച്-മേയ് മാസങ്ങളിലാണ് അടുത്ത ഐപിഎൽ അരങ്ങേറുക. ജൂണ്‍ നാല് മുതൽ 30വരെയായിരിക്കും ലോകകപ്പ്.
2023 ഐപിഎല്ലിൽ 14 മത്സരങ്ങളിൽ രണ്ട് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പെടെ 639 റണ്‍സ് കോഹ്ലി നേടിയിരുന്നു. രാജ്യാന്തര ട്വന്റി-20യിലും (4008) ട്വന്റി-20 ലോകകപ്പിലും (1141) ഏറ്റവും കൂടുതൽ റണ്‍സുള്ള ബാറ്ററാണ് കോഹ്ലി എന്നതും ശ്രദ്ധേയം.