പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന സിനിമ ഡയലോഗിനെ സാധൂകരിച്ച് പോരാട്ടങ്ങൾക്കു ചൂടുപിടിച്ചു. ലോകകപ്പിന്റെ ആദ്യ ആഴ്ചകളിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഒഴികെയുള്ള വന്പൻ ടീമുകൾ തോൽവി അറിഞ്ഞില്ല. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പിന്റെ തുടക്കത്തിൽ സെമി സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ ഗണത്തിൽ ഇല്ലായിരുന്നു.
ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള നിരീക്ഷണം ശരിയായെങ്കിലും പാക്കിസ്ഥാന്റെ കഥ വേറെ ആയി. ഈ ലോകകപ്പിലെ ഏറ്റവും മോശം ഫീൽഡിംഗ് കാഴ്ചവയ്ക്കുന്ന ടീമാണ് പാക്കിസ്ഥാൻ. എങ്കിലും സെമി ഫൈനൽ സ്ഥാനത്തിനായി ഏറ്റവും ശക്തമായ നിലയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ.
1992നുശേഷം റൗണ്ട് റോബിൻ രീതിയിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് ലോകകപ്പിന്റെ ആദ്യ ഘട്ടം. പോയിന്റ് പട്ടികയിൽ ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിയിൽ പ്രവേശിക്കും.
ആവേശപ്പോരാട്ടങ്ങൾ
ജൂണ്‍ 21ന് ആതിഥേയരായ ഇംഗ്ലണ്ടിനെ 20 റണ്‍സിന് ഞെട്ടിച്ച് ശ്രീലങ്ക തീപ്പൊരി പോരാട്ടങ്ങൾക്ക് തുടക്കമിട്ടു. 22ന് രണ്ട് ഇഞ്ചോടിഞ്ച് പോരാട്ടങ്ങളാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. ഇന്ത്യയെ വിറപ്പിച്ചശേഷം അഫ്ഗാനിസ്ഥാൻ 11 റണ്‍സിനു കീഴടങ്ങി, ന്യൂസിലൻഡിനു മുന്നിൽ അഞ്ച് റണ്‍സ് അകലെ വെസ്റ്റ് ഇൻഡീസ് പൊരുതി വീണു.
തുടർന്നുള്ള ദിനങ്ങളിൽ പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാൻ ന്യൂസിലൻഡിനെയും കീഴടക്കി. ഇംഗ്ലണ്ടിനെ കീഴടക്കിയതോടെ ഓസ്ട്രേലിയ സെമി ബെർത്ത് ഉറപ്പാക്കിയെങ്കിൽ ആതിഥേയർക്ക് അതൊരു കനത്ത പ്രഹരമായി. വെസ്റ്റ് ഇൻഡീസിനെ 125 റണ്‍സിനു തകർത്ത് ഇന്ത്യ അപരാജിതരായി സെമിയിലേക്ക് അടുത്തു.
ഇംഗ്ലണ്ട് ത്രിശങ്കുവിൽ
ഈ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്. ലോക ഒന്നാം നന്പർ ടീമായി ലോകകപ്പിനു തുടക്കമിട്ട ഇംഗ്ലണ്ട്, ഓസ്ട്രേലിയയോടും പരാജയപ്പെട്ടതോടെ ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. പാക്കിസ്ഥാൻ ന്യൂസിലൻഡിനെ ആറ് വിക്കറ്റിനു കീഴടക്കിയതോടെ സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ വഴി കടുപ്പമാക്കി. കാരണം, ഇംഗ്ലണ്ടിന് ഏഴ് മത്സരങ്ങളിൽനിന്ന് എട്ട് പോയിന്റാണുള്ളത്. +1.051 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കേണ്ടത് ഇംഗ്ലണ്ടിന്റെ ആവശ്യകതയാണ്. അല്ലെങ്കിൽ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും ഇംഗ്ലണ്ടിന്റെ സെമി സാധ്യത. അവർക്ക് ഇനി ശേഷിക്കുന്നത് രണ്ട് വന്പൻ പോരാട്ടങ്ങളാണെന്നതും കാര്യങ്ങൾ വഷളാക്കും. ഞായറാഴ്ച ഇന്ത്യയെയും ബുധനാഴ്ച ന്യൂസിലൻഡിനെയുമാണ് ഇംഗ്ലണ്ടിനു നേരിടേണ്ടത്.
ഇന്ത്യ നന്പർ 01
വെസ്റ്റ് ഇൻഡീസിനെ ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് പോരാട്ടത്തിൽ കീഴടക്കിയതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇംഗ്ലണ്ട് പാക്കിസ്ഥാനോട് പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാം നന്പറിൽ എത്തിയിരുന്നു. എന്നാൽ, വിൻഡീസിനോട് പരാജയപ്പെട്ടാൽ ഇന്ത്യ വീണ്ടും രണ്ടിലേക്ക് ഇറങ്ങുമായിരുന്നു.
നാളെ ഇന്ത്യ ലോക ഒന്നാം നന്പറായി ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ട് ജയിച്ചാൽ അവർ വീണ്ടും ഒന്നിലേക്ക് തിരിച്ചെത്തും. ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയാൽ 124 പോയിന്റുമായി ഇന്ത്യ ഒന്നിൽ തുടുരുകയും ഇംഗ്ലണ്ട് 121 പോയിന്റിലേക്ക് വീഴുകയും ചെയ്യും. നിലവിൽ ഇന്ത്യക്ക് 123ഉം ഇംഗ്ലണ്ടിന് 122ഉം പോയിന്റാണ്.
ഇന്ത്യക്ക് ലോകകപ്പ് സെമിയിൽ കടക്കാൻ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രം മതി. പോയിന്റ് ടേബിളിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ന്യൂസിലൻഡും സമ്മർദത്തിൽ
വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തരിപ്പണമാക്കിയതോടെ ഇംഗ്ലണ്ടിനേപ്പോലെ ന്യൂസിലൻഡും സമ്മർദത്തിലായിരിക്കുകയാണ്. പാക്കിസ്ഥാനെതിരേ തോറ്റ ന്യൂസിലൻഡിനുശേഷിക്കുന്നതും രണ്ട് വന്പൻ പോരാട്ടങ്ങൾ, ഇന്ന് ഓസ്ട്രേലിയയും ബുധനാഴ്ച ഇംഗ്ലണ്ടും.
ഓസ്ട്രേലിയ പതിവുപോലെ ഒരു ടൂർണമെന്റ് ടീമാണെന്നു വ്യക്തമാക്കി പോയിന്റ് ടേബിളിന്റെ തലപ്പത്ത് തുടരുന്നു. ഇന്ന് ജയിച്ചാൽ മാത്രമേ ന്യൂസിലൻഡിന് സെമിയിലേക്ക് അടുക്കാൻ സാധിക്കൂ. കാരണം, ബുധനാഴ്ച ഇംഗ്ലണ്ടിനെയാണ് അവർക്ക് നേരിടേണ്ടത്. അപ്രതീക്ഷിത മൂന്ന് തോൽവിയിലൂടെ പിന്നോട്ടിറങ്ങിയ ഇംഗ്ലണ്ടിന് സെമിയിലേക്ക് മുന്നേറേണ്ടത് അഭിമാനപ്രശ്നമാണ്.
പാക്കിസ്ഥാൻ x ബംഗ്ലാദേശ്
ഏഴ് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി പാക്കിസ്ഥാനും ബംഗ്ലാദേശും ആണ് ഇംഗ്ലണ്ടിന് ഭീഷണിയായി സെമി സ്ഥാനത്തിനായി ശക്തമായി പോരാടുന്നത്. ശ്രീലങ്ക ഇന്നലെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ അവരുടെ ഭീഷണി ഇല്ലാതായി. പാക്കിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടം നിർണായകമാകും.
പാക്കിസ്ഥാന്റെ മറ്റൊരു മത്സരം ഇന്ന് അഫ്ഗാനിസ്ഥാനുമായാണ്. നിലവിലെ ഫോം അനുസരിച്ച് അഫ്ഗാനിസ്ഥാനെ പാക്കിസ്ഥാൻ കീഴടക്കിയേക്കും. ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാൽ പാക്കിസ്ഥാന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും. ഇന്ത്യ മനഃപൂർവം ഇംഗ്ലണ്ടിനോട് തോറ്റു കൊടുക്കുമെന്നാണ് പാക് മുൻ താരം ബാസിത് അലിയുടെ ആക്ഷേപം.
ചുരുക്കത്തിൽ ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളുടെ അവസാനം തീപ്പൊരി ചിതറും, ഇന്നത്തേതുൾപ്പെടെ ശേഷിക്കുന്നത് 10 മത്സരങ്ങൾ മാത്രവും.