മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ തോൽവിയെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യമായി പ്രതികരിച്ചു.
ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം 20 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് രോഹിത് പൊതുവേദിയിൽ ആദ്യമായി ഒരു പ്രതികരണം നടത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഫൈനൽ തോൽവി എന്ന് രോഹിത് പറഞ്ഞു.
“ഇതിൽനിന്ന് എങ്ങനെ തിരിച്ചുവരുമെന്ന് എനിക്കറിയില്ലായിരുന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിച്ചു. എനിക്ക് ചുറ്റുമുള്ള കാര്യങ്ങൾ വളരെ ലഘുവായി നിലനിർത്തി, അത് എനിക്ക് വളരെ സഹായകരമായിരുന്നു.
ഫൈനലിലെ തോൽവി അംഗീകരിക്കാൻ എളുപ്പമായിരുന്നില്ല. പക്ഷേ ജീവിതം മുന്നോട്ട് നീങ്ങുന്നു. സത്യസന്ധമായി പറഞ്ഞാൽ അത് കഠിനമായിരുന്നു.
ഞാൻ എപ്പോഴും 50 ഓവർ ലോകകപ്പ് കണ്ടാണ് വളർന്നത്. ലോകകപ്പിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും വർഷം പ്രയത്നിച്ചത്. ആഗ്രഹിക്കുന്നത് ലഭിക്കാത്തത് നിരാശാജനകമാണ് ”- രോഹിത് പറഞ്ഞു.