ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിസ്റ്റുകളെ വേർതിരിക്കാൻ കഴിയുന്നില്ലെങ്കിൽ ട്രോഫി പങ്കിടുന്നത് ഐസിസി പരിഗണിക്കണമെന്ന് ന്യൂസിലൻഡ് മുഖ്യപരിശീലകൻ ഗാരി സ്റ്റെഡ്. 2019 ലോകകപ്പ് തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയപ്പോയ ലോകകപ്പായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു റണ്‍സിനാണ് കിരീടമെന്ന സ്വപ്നം തങ്ങള്‍ക്ക് കൈവിട്ടത്. 100 ഓവറുകള്‍ കളിച്ചശേഷം ഇരു ടീമുകളും ഒരു പോലെ സമാനമായി നിന്നിട്ട് അവസാന സന്തോഷം നേടുവാന്‍ കഴിയാതെ പോകുന്നത് എന്നും വലിയ പ്രയാസകരമായ കാര്യം തന്നെയാണെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു.
ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി നിര്ണയിച്ചതിനു പിന്നാലെയാണ് സ്റ്റെഡിന്റെ പ്രസ്താവന. ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് ഫൈനൽ 50 ഓവറില്‍ സ്കോര്‍ (241) തുല്യത പാലിച്ചതോടെ സൂപ്പര്‍ ഓവറിലേക്കു മത്സരം കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ (15) തുല്യമായതോടെ ബൗണ്ടറികളുടെ എണ്ണം വച്ച് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.