മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനൽ ചിത്രം തെളിയുന്നു. ലീഗ് റൗണ്ടിൽ ഇന്നും നാളെയുമായി വന്പൻ ട്വിസ്റ്റുകൾ സംഭവിച്ചില്ലെങ്കിൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കു പിന്നാലെ ന്യൂസിലൻഡും സെമി ടിക്കറ്റുറപ്പിക്കും.
ലോകകപ്പിൽ ഇതുവരെ 41 മത്സരങ്ങളാണു പൂർത്തിയായത്. ശേഷിക്കുന്നത് സെമിയും ഫൈനലും ഉൾപ്പെടെ ഏഴു മത്സരങ്ങൾ. ആരു കപ്പടിക്കുമെന്നറിയാൻ 19 വരെ കാത്തിരിക്കണം.
പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനം ഉറപ്പിച്ച ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ഒരു സെമിയെന്ന് ഉറപ്പായിക്കഴിഞ്ഞു. സെമിയിൽ ഇന്ത്യയുടെ എതിരാളി ആരെന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.
ഇന്നലെ ശ്രീലങ്കയെ കീഴടക്കിയ ന്യൂസിലൻഡ് ആ സെമി ടിക്കറ്റിനായി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ഈ ടിക്കറ്റിനായി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അവസാന ശ്രമം നടത്തും. ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകൾ മാത്രമാണു ലീഗ് റൗണ്ടിൽ തങ്ങളുടെ ഒന്‍പതു മത്സരങ്ങളും പൂർത്തിയാക്കിയത്.
ഇന്ത്യ-പാക് സെമി?
ഇന്ത്യയും പാക്കിസ്ഥാനും സെമിയിൽ കളിക്കണമെന്നതാണു തന്റെ ആഗ്രഹമെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി പറഞ്ഞുകഴിഞ്ഞു. ഒരുപറ്റം ആരാധകർ ഇന്ത്യ-പാക് സെമിക്കായി കാത്തിരിക്കുന്നുണ്ട്. ഇന്ത്യ-പാക് സെമിക്കാണു മറ്റേതൊരു നോക്കൗട്ട് പോരാട്ടത്തേക്കാളും പണക്കിലുക്കമുണ്ടാകുക എന്നത് ക്രിക്കറ്റിന്റെ സാന്പത്തികവശം.
ന്യൂസിലൻഡ് തങ്ങളുടെ അവസാന മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയതോടെ ഇന്ത്യ-പാക് സെമിപോരാട്ട സാധ്യതയ്ക്കു മങ്ങലേറ്റു. നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ വൻ മാർജിനിൽ കീഴടക്കിയാൽ മാത്രമേ, പാക്കിസ്ഥാനു ന്യൂസിലൻഡിന്റെ റണ്‍റേറ്റ് മറികടക്കാനാകൂ. അതു സംഭവിച്ചില്ലെങ്കിൽ 15നു മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ ഏറ്റുമുട്ടും.
ദക്ഷിണാഫ്രിക്ക-അഫ്ഗാൻ
ഇന്ന് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിനായി ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും നേർക്കുനേർ ഇറങ്ങുന്നുണ്ട്. ഫൈനൽ അരങ്ങേറുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. ദക്ഷിണാഫ്രിക്കയെ വൻ മാർജിനിൽ അട്ടിമറിച്ചാൽ അഫ്ഗാനിസ്ഥാനും സെമി സാധ്യതയുണ്ട്. എന്നാൽ, അത് എത്രത്തോളം സംഭവ്യമെന്നു കണ്ടറിയണം.
ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളെ അട്ടിമറിച്ച അഫ്ഗാനിസ്ഥാനു മുന്നിൽ ഓസ്ട്രേലിയയും വീഴേണ്ടതായിരുന്നു. എന്നാൽ, ഗ്ലെൻ മാക്സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിൽ ഓസ്ട്രേലിയ രക്ഷപ്പെട്ടു. സെമിയിൽ ഇടംപിടിച്ച ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അഫ്ഗാനിസ്ഥാൻ എന്താണു കരുതിവച്ചിരിക്കുന്നത് ഇന്നറിയാം.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച്, സെമിയിൽ ഓസ്ട്രേലിയയെ നേരിടുന്നതിനു മുന്‍പ് അവസാന ഒരുക്കത്തിനുള്ള അവസരമാണ് ഇന്നത്തെ മത്സരം. സമാന രീതിയിൽ നാളെ ഓസ്ട്രേലിയ ബംഗ്ലാദേശിനെതിരേയും ഇറങ്ങുന്നുണ്ട്. ഞായറാഴ്ച ഇന്ത്യയും നെതർലൻഡ്സും തമ്മിലാണു ലീഗ് റൗണ്ടിലെ അവസാന മത്സരം.
സെമിസാധ്യത ഇങ്ങനെ…
നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു ന്യൂസിലൻഡ് കീഴടക്കിയതോടെ അവരുടെ സെമിസാധ്യത 96 ശതമാനമാക്കി. ഇന്നലത്തെ ജയത്തോടെ കിവീസിന്റെ നെറ്റ് റണ്‍റേറ്റും കുതിച്ചുയർന്നു.
ലങ്കയ്ക്കെതിരായ മത്സരത്തിനു മുന്‍പ് +0.398 ആയിരുന്ന ന്യൂസിലൻഡ് റണ്‍ റേറ്റ് ജയത്തിനുശേഷം +0.743 ആയി. ഇതോടെ ഇന്ത്യ x ന്യൂസിലൻഡ് സെമി സാധ്യത 96 ശതമാനമായി വർധിച്ചു. ഒന്‍പതു മത്സരങ്ങളിൽ 10 പോയിന്റുമായി ന്യൂസിലൻഡ് ലീഗ് റൗണ്ട് പൂർത്തിയാക്കി. നിലവിൽ നാലാം സ്ഥാനത്താണു കിവീസ്.
പാക്കിസ്ഥാൻ പെട്ടു
അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ റണ്‍ റേറ്റ് +0.036ഉം ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റേത് 0.338ഉം ആണ്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന ലീഗ് മത്സരത്തിനിറങ്ങുന്ന അഫ്ഗാനിസ്ഥാന്റെ സെമിസാധ്യത വെറും ഒരു ശതമാനം മാത്രമാണ്.
നാളെ തങ്ങളുടെ അവസാന ലീഗ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന പാക്കിസ്ഥാനു സെമിയിൽ എത്തണമെങ്കിൽ അദ്ഭുത ജയം അനിവാര്യം. ന്യൂസിലൻഡിന്റെ റണ്‍റേറ്റ് മറികടന്ന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമി ടിക്കറ്റ് നേടണമെങ്കിൽ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരേ 287 റണ്‍സിന്റെ ജയം വേണം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗൾ ചെയ്യേണ്ടിവന്നാൽ പാക്കിസ്ഥാന്റെ സെമിസാധ്യത അതോടെ അവസാനിക്കും. കാരണം, 3.4 ഓവറിൽ 150 റണ്‍സ് ചേസ് ചെയ്ത് ജയിക്കേണ്ട അസാമാന്യ അവസ്ഥയാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്റെ കാര്യം ഇതിലും ദയനീയം. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 438 റണ്‍സിന്റെ ജയം സ്വന്തമായാൽ മാത്രമേ അഫ്ഗാനു സെമിസാധ്യതയുള്ളൂ!