ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ 1992ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ദക്ഷിണാഫ്രിക്ക എന്നും ആരാധകരുടെ ഇഷ്ട ടീമാണ്. ഓരോ തവണയും ശക്തമായ ടീമുമായി എത്താറുണ്ടെങ്കിലും കിരീടത്തിൽ മുത്തമിടാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തവണ ഒരു പറ്റം പുതുമുഖങ്ങളെ മുൻനിർത്തിയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അതുകൊണ്ടുതന്നെ ഫേവറിറ്റുകളുടെ പട്ടികയിൽ അവർ ഇല്ല. ഫേവറിറ്റുകളല്ലാതെയെത്തി കപ്പ് സ്വന്തമാക്കുക എന്നതാണ് ഇത്തവണ ഫാഫ് ഡുപ്ലസിയും സംഘവും ലക്ഷ്യമിടുന്നത്.
വെടിക്കെട്ടുകാരനെന്ന പേരുള്ള എബി ഡിവില്യേഴ്സും പേസർ മോണ്‍ മോർക്കലും ഒന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അവർക്കിത്തവണയുള്ളത് ഹഷിം അംലയുടെ പരിചയ സന്പത്തും പരിക്കിന്റെ പിടിയിലുള്ള പേസ് നിരയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റണ്‍ ഡികോക്കുമെല്ലാമാണ്. സ്റ്റെയിൻ ആദ്യ മത്സരങ്ങളിലില്ലെന്ന് ഉറപ്പായി. കഗിസൊ റബാദയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് സൂചന.
ഓരോ നാലു വർഷം കൂടുന്പോഴും പ്രതീക്ഷകൾ ഏറെ നല്കി കടന്നു പോകാറുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെങ്കിലും ഇത്തവണ നേർവിപരീതമാണ്. 2015ൽ സെമിയിലെത്തിയെങ്കിലും അവസാന ഓവറിൽ ന്യൂസിലൻഡിനു മുന്നിൽ തോൽക്കാനായിരുന്നു വിധി.
ഏകദിന റാങ്കിംഗിൽ നാലാം സ്ഥാനത്താണ് ആഫ്രിക്കൻ സംഘം. ലോകകപ്പിൽ ഏഴാം തവണയാണ് ദക്ഷിണാഫ്രിക്ക പങ്കെടുക്കുന്നത്. അതിൽ നാല് തവണ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇതുവരെ ഫൈനലിൽ കളിച്ചിട്ടില്ല. 1999ലെ സെമി ഫൈനൽ തോൽവിയാണ് ദക്ഷിണാഫ്രിക്കയുടെ ഹൃദയം നുറുക്കിയത്.
അന്ന് ഓസ്ട്രേലിയയോട് ടൈ വഴങ്ങി പുറത്താകുകയായിരുന്നു. സൂപ്പർ സിക്സ് ടേബിളിൽ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയായിരുന്നു മുന്നിൽ. അതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുപോകേണ്ടിവന്നു. ദക്ഷിണാഫ്രിക്കൻ ആരാധകർക്ക് ഇന്നും ആ പുറത്താകൽ കണ്ണീരോർമയാണ്.