ലോകകപ്പ് ഫുട്ബോൾ ട്രോഫി ലോകപര്യടനത്തിനുശേഷം റഷ്യയിൽ എത്തി. ഇനി കിക്കോഫിലേക്ക് ശേഷിക്കുന്നത് ഒന്പത് ദിനങ്ങൾ മാത്രം. വിരലിലെണ്ണാവുന്ന ദിനങ്ങൾക്കപ്പുറം ഭൂഗോളത്തിലെ ഏറ്റവും വലിയ രാജ്യത്തിലേക്ക് മനുഷ്യരാശി കണ്ണും കാതും കൂർപ്പിക്കുന്പോൾ സിരകളിൽ കാൽപ്പന്തിന്റെ വീര്യം നിറയും.
കിരീടത്തിനായുള്ള അവസാന ഒരുക്കത്തിലുള്ള 32 ടീമുകളും തങ്ങളുടെ അന്തിമസംഘങ്ങളെ പ്രഖ്യാപിച്ചു. ഫ്രാൻസ്, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ വന്പൻ ടീമുകൾ നേരത്തേ പ്രഖ്യാപിച്ച 23 അംഗ സംഘത്തെത്തന്നെ നിലനിർത്തി.
പരിക്കേറ്റ് ചികിത്സയിലുള്ള മുഹമ്മദ് സലയെ ഉൾപ്പെടുത്തിയാണ് ഈജിപ്ത് അന്തിമ സംഘത്തെ പ്രഖ്യാപിച്ചത്. സ്പെയിനിൽ ചികിത്സയിലുള്ള സല ശനിയാഴ്ചവരെ സ്പെയിനിൽ തുടരുമെന്നും തുടർന്ന് ടീമിനൊപ്പം ചേരുമെന്നുമാണ് നിലവിലെ സൂചന. പരിക്കേറ്റ വിൻസെന്റ് കോംപനിയെ ബെൽജിയവും നിലനിർത്തി.
അതേസമയം, പരിക്കേറ്റ നികോളാസ് ബെൻഡ്തറെ ഡെന്മാർക്ക് അവസാന 23ൽനിന്ന് ഒഴിവാക്കി. ക്രൊയേഷ്യ 23 അംഗമായി കുറച്ചപ്പോൾ പ്രതിരോധനിരക്കാരനായ മാറ്റെജ് മിതോവിച്ച് പുറത്തായി.
നിലവിലെ ലോക ചാന്പ്യന്മാരായ ജർമനിയുടെ ഇതിഹാസ താരം ലോതർ മത്തേവൂസാണ് ലോകകപ്പ് ട്രോഫി റഷ്യയിൽ അനാവരണം ചെയ്തത്. അനർഘനിമിഷങ്ങളുടെ ആവേശകരമായ സ്പന്ദനം എന്നാണ് സ്വർണ ട്രോഫി അനാവരണം ചെയ്തുകൊണ്ട് മത്തേവൂസ് പറഞ്ഞത്.
ലോകകപ്പ് ഫുട്ബോൾ എന്നു പറയുന്നത് നാലുകൊല്ലത്തിലൊരിക്കൽ ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഒരു സൗഹൃദ മാമാങ്കമാണ്. ദക്ഷിണ അമേരിക്ക മുതൽ ആഫ്രിക്കവരെയും സ്കാൻഡിനേവിയ മുതൽ യൂറോപ്പും ഓസ്ട്രേലിയയും ഒത്തൊരുമിക്കുന്ന വേദി. അതുകൊണ്ട് നിങ്ങൾക്ക് ഫുട്ബോളിന്റെ പേരിൽ അഭിമാനിക്കാം. ലോകതാരങ്ങളെ ആശ്ലേഷിക്കാം- മത്തേവൂസ് പറഞ്ഞു.
1990 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ ചാന്പ്യന്മാരായ ജർമൻ ടീമിൽ അംഗമായിരുന്നു മത്തേവൂസ്. 1982 മുതൽ 1998 വരെ തുടർച്ചയായി ജർമനിക്കുവേണ്ടി ലോകകപ്പിൽ കളിച്ചിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ