നെടുങ്കണ്ടം: അര്‍ജന്റീനയോ, ക്രൊയേഷ്യയോ, ഫ്രാന്‍സോ, മൊറോക്കോയോ ആര് ഫുട്ബോള്‍ ചാമ്പ്യന്മാരായാലും കപ്പ് രാമക്കല്മേട്ടില്തന്നെ.
കാല്പന്ത് കളിയുടെ ആവേശത്തിലേക്ക് ലോകം ചുരുങ്ങിയപ്പോള്‍ സ്വന്തമായി വേള്‍ഡ് കപ്പ് മാതൃക നിര്‍മിച്ചിരിക്കുകയാണ് രാമക്കല്‍മേട് സ്വദേശിയായ പ്രിന്‍സ് ഭുവനചന്ദ്രന്.
ഒരു ടീമിന്റെയും പ്രത്യേക ആരാധകനല്ലെങ്കിലും ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ലോകകപ്പിന്റെ മാതൃക ഒരുക്കാന്‍ പ്രിന്‍സിനെ പ്രേരിപ്പിച്ചത്.
തങ്ങളുടെ പ്രിയ ടീമിന്റെയും താരങ്ങളുടെയും കട്ടൗട്ടുകളും വാക്പോരുകളുമായി ആരാധകര്‍ കളം നിറയുമ്പോള്‍ ലോകത്തെ കൊതിപ്പിക്കുന്ന വേള്‍ഡ് കപ്പിന്റെ മാതൃകയാണ് പ്രിന്‍സ് ഒരുക്കിയത്.
ലോകകപ്പിന്റെ ഉദ്ഘാടനദിനത്തിലാണ് സിമന്റ് ഉപയോഗിച്ച് വേള്‍ഡ് കപ്പിന്റെ മാതൃക ഒരുക്കാന്‍ ആരംഭിച്ചത്. ഇതിനു മുന്നോടിയായി വേള്‍ഡ് കപ്പിന്റെ ചിത്രങ്ങള്‍ നിരീക്ഷിച്ചു രൂപകല്പന ചെയ്യുകയായിരുന്നു.
ആറര അടി ഉയരത്തില്‍ ഒരുക്കിയിരിക്കുന്ന മാതൃകയ്ക്ക് 120 കിലോ ഭാരമുണ്ട്. 15 ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
എയര്‍ ഇന്ത്യയുടെ മാതൃക അടക്കം വ്യത്യസ്ഥമായ നിരവധി നിര്‍മിതികളുമായി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് പ്രിന്‍സ്.