ഒരു പശുവിന് ലേലത്തിൽ എത്ര രൂപ കിട്ടും? 40 കോടി കിട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം ബ്രസീലിലാണ് 40 കോടിക്ക് പശുവിനെ ലേലം ചെയ്തത്. അങ്ങനെ ലോകത്തിലെ ഏറ്റവും വിലയേറിയ പശു എന്ന പേരും ഈ പശുവിന് സ്വന്തമായി.
നെല്ലോർ ഇനത്തിൽപ്പെട്ട ഈ പശുവിന്റെ പേര് വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ്. ബ്രസീലിലാണ് ഇവ കൂടുതലായും കാണപ്പെടുന്നതെങ്കിലും ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനൊരു ഇന്ത്യൻ ബന്ധമുണ്ട്. ബോസ് ഇൻഡിക്കസ് എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ് ഈ കന്നുകാലികളുടെ ഉത്ഭവം.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്. 1868 -ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്.
കന്നുകാലികളെ കൊണ്ടുവന്നത് നെല്ലോറിൽ നിന്നാണ് എന്നത് കൊണ്ട് ഇവയ്ക്ക് നെല്ലോർ പശുക്കൾ എന്ന് പേരും നൽകി. 1878-ൽ ഹാംബർഗ് മൃഗശാലയിൽ നിന്ന് മറ്റൊരു ജോടി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു. എന്നിരുന്നാലും, ഇന്ന് ബ്രസീലിലുള്ള നെല്ലോർ പശുക്കൾ 1960 -ൽ ഇന്ത്യയിൽ നിന്നും കൊണ്ടുപോയവയുടെ പരമ്പരയിൽ പെട്ടതാണ് എന്നാണ് കരുതുന്നത്. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് പറയുന്നത്.