ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ ഉദാവത്ക്കരണ നയങ്ങൾക്ക് ഗതിവേഗം കൂട്ടുന്നു. രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളിൽ വൻ അയവ് വരുത്തി. സിംഗിൾ ബ്രാൻഡ് ചില്ലറവിൽപ്പന മേഖല, ഡിജിറ്റൽ മീഡിയ, നിർമാണ മേഖല എന്നിവിടങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു.
തളർച്ചയിലായ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടി മാധ്യമങ്ങളുടെ മാതൃകയിൽ ദൃശ്യമാധ്യരംഗത്തും 26 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. കല്‍ക്കരി ഖനനത്തില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനും കേന്ദ്രം അനുമതി നല്കി. രാജ്യാന്തര തലത്തില്‍ മികച്ച കല്‍ക്കരി വിപണിയാകാന്‍ ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ചില്ലറവിൽപ്പന മേഖലയിൽ ഇതുവരെ 30 ശതമാനം പ്രദേശിക നിക്ഷേപ പങ്കാളിത്തം ആവശ്യമായിരുന്നു. ഇതിലും വലിയ ഇളവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് മുന്‍പു തന്നെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാം. ഓണ്‍ലെന്‍ വ്യാപാരം നിരവധി തൊഴിൽ അവസരങ്ങൾ ഡിജിറ്റല്‍ പണമിടപാട് രംഗം, സേവന മേഖല, കസ്റ്റമർ കെയർ എന്നീ മേഖലകളില്‍ സൃഷ്ടിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.
രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുകയാണ് നിക്ഷേപവ്യവസ്ഥകളില്‍ അയവു വരുത്തിയതോടെ ലക്ഷ്യം വയ്ക്കുന്നത്. ഇതുമൂലം നിക്ഷേപം, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയ്ക്ക് സഹായകരമാകും. കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.