ലോകരാജ്യങ്ങളുടെ സന്തോഷനിലവാരം വ്യക്തമാക്കുന്ന ലിസ്റ്റ് പുറത്തുവന്നിരിക്കുന്നു. എന്നാല്‍ ലോകത്ത് സന്തോഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ വളരെയധികം പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണങ്ങളും മറ്റ് അനേകം പ്രശ്നങ്ങളും അരങ്ങേറുന്ന പാക്കിസ്ഥാനേക്കാളും പുറകിലാണ് ഇന്ത്യയെന്നതാണ് ചര്‍ച്ചയായിരിക്കുന്നത്.
ദരിദ്രരാജ്യമായ നേപ്പാളും ഇന്ത്യയേക്കാള്‍ മുന്നിലാണ്. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20ന് മുന്നോടിയായി എല്ലാവര്‍ഷവും തയ്യാറാക്കുന്ന പട്ടികയിലാണ് ഈ വിവരമുള്ളത്. 133ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം.
156 രാജ്യങ്ങളുള്ള പട്ടികയില്‍ കഴിഞ്ഞ തവണ 122ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയവയും ഇന്ത്യക്ക് മുകളിലാണ് സ്ഥാനം.
പാക്സിഥാന്‍ 75ാം സ്ഥാനത്തും ഭൂട്ടാന് 97, നേപ്പാള്‍ 101, ബംഗ്ലാദേശ് 115, ശ്രീലങ്ക 116 എന്നിങ്ങനെയുമാണ് സ്ഥാനങ്ങള്‍. ലോകത്ത് ഫിന്‍ലാന്റാണ് ഏറ്റവും സന്തോഷമുള്ള രാജ്യം എന്നാണ് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. നോര്‍വെയും ഡെന്മാര്ക്കും ഐസ്ലാന്റും സ്വിറ്റ്സര്ലാന്റുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫിന്‍ലാന്റ് അഞ്ചാം സ്ഥാനത്തും നോര്‍വെ ഒന്നാം സ്ഥാനത്തുമായിരുന്നു. അതുപോലെതന്നെ, കഴിഞ്ഞ വര്‍ഷം 14ാം സ്ഥാനത്തായിരുന്ന അമേരിക്കയ്ക്ക് ഇത്തവണ 18ാം സ്ഥാനമാണ് ലഭിച്ചത്. ബ്രിട്ടന് പത്തൊമ്പതും യുഎഇ ഇരുപതാം സ്ഥാനത്തുമാണുള്ളത്.