ലോകത്ത് കോവിഡ് ഭീകരത നടമാടുന്ന വേളയില്‍ ലോകജനതയുടെ ഭീതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് 2,30,000 കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ രോഗബാധയാണിത്.
രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസ്യൂസ് പറഞ്ഞു.
കോവിഡിന്റെ ഭീകരത ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ടെഡ്രോസ് അദാനോം പറയുന്നത്. പല രാജ്യങ്ങളും തെറ്റായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമീപഭാവിയിലൊന്നും ലോകം പഴയപടിയാവില്ലെന്നും ആവശ്യത്തിനുള്ള മുന്‍കരുതലുമായി എല്ലാവരും ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനില്‍ മാത്രം 1,20,000 പേരെങ്കിലും മരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര്‍ നിരക്ക് സെപ്റ്റംബറോടുകൂടി 1.7 ല്‍ എത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.രോഗവ്യാപനം മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിയപ്പോള്‍ ഈ നിരക്ക് 3.4 ആയിരുന്നു.
ഇപ്പോള്‍ ആര്‍ നിരക്ക് 1 ല്‍ താഴെ കൊണ്ടുവരുന്നതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഇത് വര്‍ദ്ധിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശൈത്യകാലം വൈറസ് വ്യാപനം എളുപ്പത്തിലാക്കുകയും ചെയ്യും.
ഇന്ത്യയിലും അമേരിക്കയിലും ബ്രസീലിലും രോഗം നിയന്ത്രണാതീതമായി തുടരുന്നതിനിടയില്‍ ഈ ഗ്രൂപ്പിലേക്ക് ദക്ഷിണാഫ്രിക്കയും കൂടി എത്തിയിരിക്കുകയാണ്.
ബ്രസീലില്‍ ഇന്നലെ 45,000 ത്തോളം പുതിയ കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല, ഇതുവരെ 8,49,553 രോഗബാധിതരാണ് ഇന്ത്യയിലുള്ളത്. ജൂലായ് അവസാനത്തോടെ ഇത് 10 ലക്ഷം കടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കേവലം മൂന്നാഴ്ച്ചകള്‍ കൊണ്ടാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആറാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്ത് എത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ മെയ് മാസത്തില്‍ പെട്ടെന്നായിരുന്നു രോഗവ്യാപന തോത് വര്‍ദ്ധിച്ചത്. ഒരു മാസത്തിനുള്ളില്‍ രാജ്യത്തെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കാര്യങ്ങളെല്ലാം കൈവിട്ട സ്ഥിതിയിലാണ്. ഫ്‌ളോറിഡയിലെ ഇന്റന്‍സീവ് കെയറുകളില്‍ പകുതിയിലധികം ഇപ്പോള്‍ തന്നെ 90% നിറഞ്ഞിരിക്കുകയാണ്.
അഞ്ചില്‍ ഒന്ന് പൂര്‍ണ്ണമായും നിറഞ്ഞിരിക്കുന്നു. ഇപ്പോള്‍ കൊറോണവ്യാപനത്തിന്റെ സെന്ററായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്‌ളോറിഡ.
കഴിഞ്ഞ തിങ്കളാഴ്ച യൂറോപ്പില്‍ മൊത്തം രേഖപ്പെടുത്തിയ പുതിയ കേസുകളേക്കാള്‍ അധികമായിരുന്നു ഫ്‌ളോറിഡയില്‍ രേഖപ്പെടുത്തിയത്.
2,82,435 കോവിഡ് ബാധിതരാണ് ഇന്നുവരെയുള്ള കണക്കനുസരിച്ച് ഫ്‌ളോറിഡയില്‍ ഉള്ളത്. 4,227 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
എന്നിരുന്നാലും രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ ന്യുയോര്‍ക്ക് കണ്ടത്ര പ്രതിദിന മരണങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് മാത്രമാണ് ഒരു ആശ്വാസം.
ലോകമാസകലമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ലോകാരോഗ്യസംഘടനയുടെ ആശങ്കയില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ലെന്ന് വ്യക്തമാവും.