ലോകത്തിൽ ഏറ്റവും ഉയരത്തിൽ വാഹനമോടിക്കാൻ സാധിക്കുന്ന റോഡ് ഇന്ത്യയിൽ തയാർ. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിർത്തി ഗ്രാമങ്ങളായ ചിസ്മൂളിൽനിന്നു ദേം ചോക്കിലേക്കാണ് പാത. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു കാഷ്മീരിന്റെ ഭാഗമായ ഉംലിംഗ്ലാ മേഖലയിലാണ് നിർമിച്ചിട്ടുള്ളത്.
സമുദ്ര നിരപ്പിൽ നിന്ന് 19,300 അടി ഉയരത്തിലാണ് ഈ പാത. 86 കിലോമീറ്റർ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ലേയിൽനിന്നു 230 കിലോമീറ്റർ ദൂരമുണ്ട് ഈ അതിർത്തി ഗ്രാമങ്ങളിലേക്ക്. ചൈനയിൽനിന്നു കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിലാണ് ഈ പാത.
ബോർഡർ റോഡ് ഓർഗനൈസേഷൻ(ബിആർഒ) ആണ് റോഡ് നിർമാണത്തിനു ചുക്കാൻ പിടിച്ചത്. നേരത്തെ, ലേയെ നോർബ താഴ് വരയുമായി ബന്ധിപ്പിക്കുന്നതിനായി 17,900 അടി ഉയരത്തിൽ ഖർഡാംഗു ലാ പാതയും 17,695 അടി ഉയരത്തിൽ ചംഗ്ല പാസും നിർമിക്കുന്നതിനു നേതൃത്വം നൽകിയതു ബിആർഒ ആയിരുന്നു.