തിരുവനന്തപുരം: ലോക കേരളസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ലക്ഷങ്ങളുടെ പണപ്പിരിവ് കേരളത്തിന് നാണക്കേടും അപമാനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂർത്താണ്.
പരിപാടി യുഡിഎഫ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ലോക കേരള സഭയുടെ പേരിൽ പിരിവ് നടത്തുന്നത് ആര് പറഞ്ഞിട്ടാണെന്നും ഈ സഭ വരേണ്യവർഗത്തിനുള്ള ഏർപ്പാടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സോളാറിൽ യുഡിഎഫ് സർക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ലാത്തതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പിണറായി സർക്കാരിന് പലതും മറയ്ക്കാനുള്ളതിനാൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാതെ ഒളിച്ച് കളിക്കുകയാണ്.
എഐ കാമറ വിഷയത്തിൽ താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.