മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വർഷം, മാർച്ച് 14 ന് അതായത് ഇന്നാണ് ഈ ദിനം വരുന്നത്. മൊത്തത്തിലുള്ള ആരോഗ്യത്തിന് നമ്മുടെ വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള അവസരമാണിത്. ഈ ദിവസം, വൃക്കരോഗങ്ങളെയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആരോഗ്യപരിപാലന വിദഗ്ധരും നെഫ്രോളജിസ്റ്റുകളും ബോധവൽക്കരണം നടത്തുന്നു. ഓരോ വർഷവും, ക്രോണിക് കിഡ്നി ഡിസീസ് അല്ലെങ്കിൽ സികെഡിയെ കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതിന് വ്യക്തികളും സംഘടനകളും ആരോഗ്യ കാംപെയ്നുകൾ സംഘടിപ്പിക്കുന്നുമുണ്ട്.
ലോക വൃക്ക ദിനത്തിന്റെ ചരിത്രം
ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷൻ്റെയും സംയുക്ത സംരംഭത്തിലാണ് ആഗോള ആരോഗ്യ അവബോധ പ്രചാരണത്തിൻ്റെ ഉത്ഭവം. 2006-ലാണ് ലോക വൃക്കദിനം ആദ്യമായി ആചരിച്ചത്.
2024-ലെ ലോക വൃക്ക ദിനത്തിന്റെ തീം
2023 സെപ്തംബറിലെ ലോക കിഡ്നി ഡേ സ്റ്റിയറിംഗ് കമ്മിറ്റിയുടെ യോഗത്തിൽ, ലോക വൃക്ക ദിനത്തിന്റെ 2024 ൻ്റെ തീം ‘എല്ലാവർക്കും കിഡ്നി ഹെൽത്ത് – അഡ്വാൻസിംഗ് ഇക്വിറ്റബിൾ ആക്സസ് ടു കെയർ ആൻഡ് ഒപ്റ്റിമൽ മെഡിക്കേഷൻ പ്രാക്ടീസ്’ എന്നായി തീരുമാനിച്ചു.
ലോക വൃക്ക ദിനത്തിന്റെ പ്രാധാന്യം
വർധിച്ചുവരുന്ന ക്രോണിക് കിഡ്നി ഡിസീസ് കേസുകളുടെ പശ്ചാത്തലത്തിൽ ഈ ദിനം ആചരിക്കുന്നത് വളരെ പ്രധാനമാണ്. ക്രോണിക് കിഡ്നി ഡിസീസിന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ജീവിതരീതി നിലനിർത്തുന്നതിന്റെ അപകട ഘടകങ്ങളെയും ഗുണങ്ങളെയും കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
നമ്മുടെ ശരീരത്തിനുള്ള പ്രത്യേക ഫിൽട്ടർ സംവിധാനമാണ് വൃക്കകൾ. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അവ ശരീരത്തിലെ വിവിധ പദാർത്ഥങ്ങളുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു.
അതിനാൽ, നമ്മുടെ വൃക്കകൾ നല്ല ആരോഗ്യത്തോടെ നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്, അതേക്കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ ലോക വൃക്കദിനം ശ്രമിക്കുന്നു.