സെബി മാളിയേക്കൽ
ഒരു ദേശത്തിന്റെ സ്പന്ദനങ്ങൾ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു ചരിത്ര ശേഷിപ്പുകളാക്കി മാറ്റിയ “സരിത മാഷി’ന്റെ ജീവിത സപര്യ സുവർണ ജൂബിലിയും പിന്നിട്ടു മുന്നോട്ട്.
സ്കൂൾകാലഘട്ടം മുതൽ ചിത്രകലയോടു ഭ്രമമുണ്ടായിരുന്ന പി.ആർ. ശങ്കരനാരായണൻ പത്താംതരം കഴിഞ്ഞ് ഡ്രോയിംഗിൽ കെജിടിഇ പാസായി. പഠിച്ച അതേ സ്കൂളിൽ ഡ്രോയിംഗ് മാഷായി ജോലി ചെയ്യുന്നതിനിടെയാണു ഫോട്ടോഗ്രഫിയോടുള്ള ആഗ്രഹം ജനിക്കുന്നത്.
ആഗ്രഹം അഭിനിവേശമായി മാറിയപ്പോൾ മൂന്നുവർഷം നീണ്ട മാഷുദ്യോഗം വേണ്ടെന്നുവച്ച് ഫോട്ടോഗ്രഫിയിലേക്ക്.അഞ്ചര പതിറ്റാണ്ടു നീണ്ട കാമറാജീവിതത്തിലെ മധുരസ്മരണകൾ ഓർത്തെടുക്കുകയാണു ചേർപ്പുകാരുടെ സ്വന്തം സരിത മാഷ്.
ചിത്രകലയെസ്നേഹിച്ച കാലം
പെരിഞ്ചേരി പാറേമൽ രാമനെഴുത്തച്ഛന്റെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായ ശങ്കരൻ ചേർപ്പ് സിഎൻഎൻ സ്കൂളിൽ പഠിക്കാനെത്തിയതോടെയാണു ചിത്രകലയോടുള്ള ആഭിമുഖ്യം തുടങ്ങുന്നത്.
ചേർപ്പിലെ ഏക മെഡിക്കൽ ഷോപ്പായ ആശാൻ മെഡിക്കൽ സ്റ്റോറിന്റെ ഉടമയായ ചെറിയച്ഛൻ പരമേശ്വരനാശാനൊപ്പമായിരുന്നു താമസം.
ചെറിയച്ഛന്റെ ശിക്ഷണത്തിൽ വളരുന്നതിനിടയിൽ ചിത്രകല, ഖാദി എന്നിവയോട് അടുപ്പം കൂടി. പിന്നീടാണു അധ്യാപന ജീവിതവും പിന്നിട്ട് ഫോട്ടോഗ്രഫിയിലേക്കു തിരിയുന്നത്.
ചിത്ര സ്റ്റുഡിയോയിൽതുടക്കം
“”ചേർപ്പിലെ ചിത്ര സ്റ്റുഡിയോയിൽ ഉടമയും ഫോട്ടോഗ്രാഫറുമായ ലാസറേട്ടന്റെ കീഴിലായിരുന്നു ആറു വർഷക്കാലം പഠനവും പരിശീലനവും. അന്നാണ് ആദ്യമായി ഫീൽഡ് കാമറയിൽ ചിത്രങ്ങളെടുക്കുന്നത്. അന്നൊന്നും ഫ്ലാഷ് ഇല്ല.
സിൽവേനിയ ബൾബ് ഉപയോഗിച്ചാണ് ഫ്ലാഷ് സെറ്റു ചെയ്യുന്നത്. ഒരു പടം എടുക്കാനേ പറ്റൂ. അടുത്തതിന് അടുത്ത ബൾബ് വേണം. എക്സ്പോസ് ചെയ്ത റോൾ ഡാർക്ക് റൂമിൽ നെഗറ്റീവാക്കുന്നതു കൗണ്ട് ചെയ്തുകൊണ്ടായിരുന്നു, അത്രമാത്രം കൃത്യത വേണമായിരുന്നു.
ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം നെഗറ്റീവിൽ ഓരോ മുഖവും ടച്ച് ചെയ്തശേഷമാണു പ്രിന്റിംഗ് ബോക്സിൽ പേപ്പർ വച്ചശേഷം ഡാർക്ക് റൂമിൽ പ്രിന്റ് ചെയ്ത് വാഷ് ചെയ്യുക. അന്നൊക്കെ ഒരുറോൾ എന്നാൽ 12 ഫിലിമാണ്. ഒരു കല്യാണം എന്നുപറഞ്ഞാൽ രണ്ടു റോളേ ഉണ്ടാകൂ.
അത്രമാത്രം സെലക്ട് ചെയ്തുവേണം ഫോട്ടോ എടുക്കാൻ. ഇന്നതെല്ലാം ഓർമകൾമാത്രം. പുതിയ തലമുറയ്ക്ക് ഊഹിക്കാൻപോലും പറ്റാത്ത കാര്യം. ഇന്നു ടച്ച് സ്ക്രീനിൽ വിരലൊന്നു തൊട്ടാൽ ഫോട്ടോ ആയിക്കഴിഞ്ഞില്ലേ”, മാഷ് പറഞ്ഞു.
സരിത ഫ്രെയിംസ്…
ചിത്ര സ്റ്റുഡിയോയ്ക്കുശേഷം രണ്ടുമൂന്നു വർഷം ഫ്രീലാൻസ്. ഇക്കാലയളവിൽ ഇരിങ്ങാലക്കുട സിനി സ്റ്റുഡിയോയിലെ എം.എം. സോമനും തൃശൂർ ശക്തി സ്റ്റുഡിയോയിലെ കുഞ്ഞുണ്ണിച്ചേട്ടനും ലൈറ്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടുതൽ പഠിക്കാൻ സഹായിച്ചു.
പിന്നീട് 1980 ലാണു സുഹൃത്തായ പോളിനൊപ്പം ചേർന്ന് ചേർപ്പി ൽ സരിത സ്റ്റുഡിയോ ആരംഭിച്ചത്. മെല്ലെമെല്ലെ ഒഴുകുന്ന നദി എന്ന അർത്ഥത്തിലാണു സുഹൃത്ത് സരിത എന്ന പേരിട്ടത്.മൂന്നുവർഷത്തിനുശേഷം പാർട്ട്ണർഷിപ്പ് അവസാനിപ്പിച്ചെങ്കിലും സരിതയെന്ന പേരു മാറ്റിയില്ല.
അങ്ങനെയാണു ശങ്കരനാരായണൻ നാട്ടുകാരുടെ സരിത മാഷായത്. പിന്തുണയുമായി അധ്യാപികയായ ഭാര്യ രമാദേവിയും.ഫീൽഡ് കാമറയ്ക്കുശേഷം മാമിയ, നിക്കോൺ, കാനൻ സീരീസിലുള്ള നിരവധി കാമറകളിൽ പതിനായിരക്കണക്കിനു ചിത്രങ്ങൾ പകർത്തി.
ചെമ്പൈ വൈദ്യനാഥ ഭാഗവതരും യേശുദാസും ചേർന്ന് ചേർപ്പിൽ കച്ചേരി നടത്തുന്നതും, പ്രേംനസീർ, കമല ത്രിപാഠി തുടങ്ങിയവരുടേതുൾപ്പടെ പ്രഗത്ഭരുടെ ചിത്രവും ഒക്കെ പകർത്തി. ഒന്നിന്റെയുംകോപ്പികൾ സൂക്ഷിച്ചുവയ്ക്കാതിരുന്നത് ഇപ്പോൾ ഒരു നഷ്ടബോധമായി തോന്നുന്നുവെന്നു മാഷ് പറഞ്ഞു.
ഒാൾ കേരള ഫോട്ടോഗ്രാ ഫേഴ്സ് അസോസിയേഷൻ ജില്ലയിൽ രൂപീകരിച്ചപ്പോൾ പ്രഥമ ട്രഷററായി. ഇപ്പോഴും സ്റ്റുഡിയോയിൽ വരുന്നവരുടെ ചിത്രങ്ങൾ എടുക്കും. ഔട്ട്ഡോർ വർക്കുകൾ ചെയ്ത് അച്ഛന്റെ പാത പിൻതുടരുന്നു ണ്ട് ഏക മകനും പത്രപ്രവർത്തകനുമായ വിമൽ എസ്. നാരായണൻ.