ഈ മാസം 15ഓടെ ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2023 ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയേറിയ രാജ്യമായി മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ലോകജനസംഖ്യ പ്രോസ്പെക്ടസിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
1950ന് ശേഷം 2020 ല്‍ ജനസംഖ്യാ വര്‍ധനവ് ഒരു ശതമാനത്തിന് താഴെയെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2050 ആകുന്നതോടെ ലോകജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എതോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്, ഫിലീപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടുരാജ്യങ്ങളിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2030 ല്‍ ലോക ജനസംഖ്യ 850 കോടിയിലേക്കും 2050 ല്‍ 970 കോടിയും 2080 ല്‍ പരമാവധിയായ 1004 കോടിയിലേക്ക് എത്തുമെന്നും അത് 2100 ാം വര്‍ഷം വരെ തുടരുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച രാജ്യങ്ങളുടെ വ്യക്തിഗത വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വൈവിധ്യങ്ങള്‍ക്കൊപ്പം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലടക്കം ആരോഗ്യരംഗത്തുണ്ടായ വളര്‍ച്ചയെ ആഘോഷിക്കേണ്ടതുണ്ടെന്നും മാതൃശിശു മരണ നിരക്കുകള്‍ വലിയതോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുകയും വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടുണ്ട്.
ആഘോഷങ്ങള്‍ക്കൊപ്പം പ്രപഞ്ച സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും സുസ്ഥിരമായ ഭാവിയ്ക്കായുള്ള കരുതല്‍ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.