ഒരൊറ്റ ഷോട്ട് മതി ജീവിതം മാറാന്‍ ! ഒരൊറ്റ ഷോട്ടില്‍ മൂന്നര മിനിറ്റുള്ള ഡയലോഗ് പറഞ്ഞ് റിക്കാര്‍ഡിട്ട് നടന്‍ സംപൂര്‍ണേഷ് ബാബു; വീഡിയോ കാണാം…

തെലുങ്ക് സിനിമയിലെ ചൂടന്‍ സ്റ്റാറാണ് സംപൂര്‍ണേഷ് ബാബു. അദ്ദേഹത്തിന്റെ പുതിയ ചിത്രം കൊബ്ബാരി മട്ട ഓഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തും. ഹൃദയ കാലെയം എന്ന അദ്ദേഹത്തിന്റെ മുമ്പുള്ള സിനിമ പോലെ ഇതും സ്പൂഫ് ഗണത്തില്‍ പെടുന്നു. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയെ പരിഹസിച്ചുകൊണ്ട് ‘ഏറ്റവും മോശം സിനിമ’ എന്ന ആശയത്തിലാണ് ഹൃദയ കാലെയം റിലീസ് ചെയ്തത്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംപൂര്‍ണേഷ് വീണ്ടും നായകനാകുന്നതും. ഇത്തവണ സ്വന്തമായി ലോക റെക്കോര്‍ഡും നേടിയാണ് വരവ്. മൂന്നര മിനിട്ടുള്ള സിംഗിള്‍ ഷോട്ടില്‍ നെടുനീളന്‍ ഡയലോഗ് പറഞ്ഞാണ് അദ്ദേഹം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.നടി ഷക്കീലയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.


സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇതൊരു റെക്കോര്‍ഡ് ആണെന്നും അവകാശപ്പെടുന്നത്. ലോകത്ത് ഒരു നടനും ഇതുപോലൊരു തീപ്പൊരി ഡയലോഗ് പറഞ്ഞിട്ടില്ലെന്നാണ് അവരുടെ അവകാശവാദം. സിനിമയുടേതായി റിലീസ് ചെയ്ത ആറു മിനിട്ട് ട്രെയിലറില്‍ ഈ ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം ഏഴ് ലക്ഷത്തിനടുത്ത് ആളുകള്‍ ട്രെയിലര്‍ കണ്ട് കഴിഞ്ഞു. ഹൃദയ കലേയം സംവിധാനം ചെയ്ത സ്റ്റീവന്‍ ശങ്കര്‍ ആണ് കൊബ്ബാരി മട്ടയ്ക്കു തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധാനം റൂപക് റൊണാള്‍ഡ്‌സണ്‍. എന്തായാലും വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.

Related posts