ഗുജറാത്തിലെ കുഗ്രാമത്തിലെ ഇടുങ്ങിയ വീട്ടിലിരുന്നു ഗണേഷ് എന്ന ആറാം ക്ലാസുകാരനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് അമ്മയാണ്. ആ സ്വപ്നം യാഥാർഥ്യമായപ്പോൾ ഗണേഷ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറാണ്.
ആത്മവിശ്വാസത്തിനും ദൃഢനിശ്ചയത്തിനും ഉയരമുണ്ടെങ്കിൽ അത് ഏറ്റവും അധികമുള്ളത് ഈ ചെറുപ്പക്കാരനാണ്. ഗുജറാത്ത് സ്വദേശി ഡോ. ഗണേഷ് ബരയ്യ എന്ന 23കാരന്. കഷ്ടപ്പാടുകൾക്കൊടുവിൽ എംബിബിഎസ് നേടിയ ചരിത്രമാണ് ഡോ. ഗണേഷിനു പറയാനുള്ളത്.
ഉയരക്കുറവ് ഒന്നിനും തടസമല്ലെന്നും ആഗ്രഹവും ആത്മവിശ്വാസവുമാണ് വലുതെന്നും ജീവിതത്തിലൂടെ തെളിയിക്കുകയായണ് ഈ യുവ ഡോക്ടർ. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ്. മൂന്നടി ഉയരവും 18 കിലോ ഭാരവുമാണ് ഡോ. ഗണേഷിനുള്ളത്.
നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് എംബിബിഎസ് നേടിയത്. 2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ഗണേഷ് പാസായത്.
എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിനു പ്രവേശനം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ സ്വീകരിച്ചത്. ഇത് അനീതിയാണന്നു ചൂണ്ടിക്കാട്ടി അദ്ദേഹം കളക്ടറെ സമീപിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി.
പിന്നീട് അനുകൂല ഉത്തരവിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കലും കേസ് തോറ്റു. എങ്കിലും ഗണേഷ് തളർന്നില്ല. അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ നിന്നും 2018ൽ അനുകൂല വിധിയുണ്ടായി. തുടർന്ന് 2019ൽ എംബിബിഎസിനു പ്രവേശനം നേടി. ഇപ്പോൾ എംബിബിഎസിനു ശേഷം ഗുജറാത്തിലെ ഭാവ്നഗർ സർ തട്ടാസിൻജി ജനറൽ ആശുപത്രിയിൽ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഡോ. ഗണേഷ്.
നിരവധി പ്രതിബന്ധങ്ങൾ കടന്ന് നേടിയ വിജയത്തിന് ഇരട്ടി മധുരമാണെന്ന് ഡോ. ഗണേഷ് ദീപികയോടു പറഞ്ഞു. തിരുവനന്തപുരത്തെ എസ്പി മെഡിഫോർട്ട് ആശുപത്രിയിൽ ഡോക്ടേഴ്സ് ഡേയിൽ പങ്കെടുക്കാനായാണ് ഡോ. ഗണേഷ് തിരുവനന്തപുരത്തെത്തിയത്.
റിച്ചാർഡ് ജോസഫ്