ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പാട്ടുകാരിയായി ബിയോണ്‍സ്. ഫോബ്സ് മാഗസിന്റെ സർവേയിലാണ് പ്രതിഫലത്തിൽ സംഗീത ലോകത്തെ ഒന്നാം സ്ഥാനക്കാരിയായി ബിയോണ്‍സിനെ കണ്ടെത്തിയത്.
105 മില്യണ്‍ ഡോളറാണ് (683 കോടിയോളം രൂപ) പോയ വർഷം ബിയോണ്‍സ് നേടിയെടുത്തത്. ലെമണേഡ് എന്ന ആൽബവും ഫോർമേഷൻ എന്നു പേരിട്ട ലോക സംഗീത പര്യടനവുമാണ് ഈ അമേരിക്കൻ ഗായികയുടെ ഖജനാവ് നിറച്ചത്.
ബിയോണ്‍സിന്റെ സംഗീത ആൽബങ്ങൾ പോലെ തന്നെ പ്രശസ്തമാണ് വേദിയിലെ പ്രകടനവും. ഇരട്ടക്കുട്ടികളെ ഗർഭിണിയായിരിക്കെ ഗ്രാമി വേദിയിലെത്തിയ നടത്തിയ പ്രകടനം അവിസ്മരണീയമാണ്.
ബ്രിട്ടീഷ് പാട്ടുകാരി അഡീൽ ആണു ബിയോണ്‍സിനു തൊട്ടു പിന്നിൽ. 69 മില്യണ്‍ യുഎസ് ഡോളറാണ് പാട്ടു പാടി അഡീൽ നേടിയത്. 25 എന്ന സംഗീത ആൽബമാണ് അഡീലിനു തുണയായത്. ഈ ആൽബത്തിലെ ഹലോ എന്ന പാട്ട് നിരവധി റെക്കോഡുകൾ തീർക്കുക മാത്രമല്ല, അഡീലിന്റെ കൈ നിറയെ ഗ്രാമി പുരസ്കാരങ്ങളുമെത്തിച്ചു. 44 മില്യണ്‍ യുഎസ് ഡോളറുമായി ടെയ്ലർ സ്വിഫ്റ്റ് ആണ് മൂന്നാമത്. റെപ്യൂട്ടേഷൻ എന്ന ആൽബമാണു സ്വിഫ്റ്റിനെ കോടീശ്വരിയാക്കിയത്. അടുത്ത വർഷം പുതിയ ആൽബവുമായി ടെയ്ലർ എത്തുന്നുമുണ്ട്.
ടൈറ്റാനിക് പാട്ടുകാരി സെലിൻ ഡിയോണ്‍, ജെന്നിഫർ ലോപസ്, ഡോളി പാർട്ടണ്, റിയാന്ന, ബ്രിട്നി സ്പിയേഴ്സ്, കാത്തി പെറി, ബാർബ്രാ സ്ട്രീസാൻഡ് എന്നിവരാണ് യഥാക്രമം ആദ്യ പത്തിൽ ഇടംനേടിയവർ. ലേഡി ഗാഗ, മഡോണ, ഏരിയാന ഗ്രാൻഡെ, സെലീന ഗോമസ് തുടങ്ങിയ അതികായർക്ക് ആദ്യ പത്തിൽ ഇടംനേടാനായില്ല.