ജയിലുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആയിരക്കണക്കിന് തടവുകാരെ പാർപ്പിക്കുന്ന വിശാലമായ ജയിലുകളുടെ ചിത്രമായിരിക്കും മനസിലേക്ക് ഓടിയെത്തുക. സെൻട്രൽ ജയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, തിഹാർ ജയിലിൽ 10,026 തടവുകാരെ ഉൾക്കൊള്ളാൻ കഴിയും, എന്നാൽ വാസ്തവത്തിൽ 19,500 തടവുകാരാണ് ആ ജയിലിൽ കഴിയുന്നത്.
എന്നാൽ രണ്ട് തടവുകാരെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും ചെറിയ ജയിലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 168 വർഷം മുമ്പാണ് ഇത് നിർമിച്ചത്. സാർക്ക് ദ്വീപിൽ നിർമിച്ച സാർക്ക് ജയിൽ ലോകത്തിലെ ഏറ്റവും ചെറിയ ജയിലായാണ് കണക്കാക്കപ്പെടുന്നത്.
1856 ലാണ് ഇത് നിർമിച്ചത്. 2 തടവുകാർക്ക് മാത്രമേ അതിൽ താമസിക്കാൻ കഴിയൂ. അതിനുശേഷം ഈ ജയിലിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 5.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സാർക്ക് ദ്വീപ് വളരെ ചെറുതാണ്. 2023 ലെ സെൻസസ് പ്രകാരം 562 ആളുകളാണ് ഈ ദ്വീപിൽ താമസിക്കുന്നത്.
1832-ൽ ഈ ജയിൽ പണിയാൻ കോടതി ഉത്തരവിട്ടെങ്കിലും ആരുടെയും കൈയിൽ പണമില്ലാത്തതിനാൽ അത് പൂർത്തിയാക്കാൻ 24 വർഷമെടുത്തു. ജയിലിലെ രണ്ട് മുറികളിലും കനം കുറഞ്ഞ തടി കിടക്കകൾ ഉണ്ട്.
ഒരു തടവുകാരനെ പരമാവധി രണ്ടോ മൂന്നോ ദിവസം വരെ ഈ ജയിലിൽ പാർപ്പിക്കാം. എന്നിരുന്നാലും, ഈ ദ്വീപിൽ വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കുന്നില്ല. ഇക്കാരണത്താൽ, ദ്വീപിൽ രണ്ട് പോലീസുകാർ മാത്രമേ ഉള്ളൂ.