കൊച്ചി: പാമ്പ് ഭീതിയകറ്റാന്‍ വനം വകുപ്പ് ആരംഭിച്ച സര്‍പ്പ ആപ് (സ്നേക് അവയര്‍നെസ് റെസ്ക്യു ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ് ) വഴി സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയത് 35,874 പാമ്പുകള്‍. ഇതില്‍ 34,559 പാമ്പുകളെ വിവിധ ജില്ലകളിലെ ജനവാസ മേഖലകളില്‍നിന്ന് പിടികൂടി വനത്തിലേക്ക് മാറ്റി.
2020 ഓഗസ്റ്റില്‍ ആരംഭിച്ച സര്‍പ്പ ആപ്പിലൂടെ 2023-24 വര്‍ഷത്തില്‍ 89 രാജവെമ്പാല, 2,816 പെരുമ്പാമ്പ്, 15 അണലി, 4,022 മൂർഖൻ, 7,996 മറ്റ് പാമ്പിനങ്ങള്‍ എന്നിവയെയാണ് കണ്ടെത്തിയത്. 86 രാജവെമ്പാലയേയും 2742 പെരുമ്പാമ്പുകളേയും 13 അണലികളേയും 7873 മറ്റ് പാമ്പിനങ്ങളേയും കാട്ടിലേക്ക് അയയ്ക്കാനായി.
2022 വര്‍ഷത്തില്‍ സര്‍പ്പ ആപ്പിലൂടെ 10,999 പാമ്പുകളെയാണ് കണ്ടെത്തിയത്. ഇതില്‍ 10,499 എണ്ണത്തെ കാട്ടിലേക്ക് അയച്ചു. 2021 ല്‍ കണ്ടെത്തിയ 8,446 പാമ്പുകളില്‍ 8,080 എണ്ണത്തെ കാട്ടിലേക്ക് അയച്ചു. 2020 ല്‍ കണ്ടെത്തിയ 955 പാമ്പുകളില്‍ 929 എണ്ണത്തെയാണ് കാട്ടിലേക്ക് അയച്ചത്.
സര്‍പ്പ ആപ്പ്
ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റിലാണ് വനം വകുപ്പിന് കീഴില്‍ സ്നേക്ക് അവയര്‍നെസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ മൊബൈല്‍ ആപ് പ്രവര്‍ത്തനം ആരംഭിച്ചത്. പാമ്പിനെ കണ്ടയുടന്‍ ആപ്പില്‍ വിവരം നല്കിയാല് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പിടികൂടി സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതാണ് രീതി.
പൊതുജനങ്ങള്‍ക്ക് പരമാവധി സഹായകരമാകുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നതെന്ന് നോഡല്‍ ഓഫിസറും അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു. ഇതുമൂലം പാമ്പുകടി മരണങ്ങളുടെ നിരക്ക് കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
130 ഇനം പാമ്പുകള്‍
വനം വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 130 തരം പാമ്പുകളാണുള്ളത്. ഇതില്‍ മൂര്‍ഖന്‍, വെള്ളിക്കെട്ടന് (വളവളപ്പന്‍, ശംഖുവരയന്‍), അണലി (ചേനത്തണ്ടന്‍), ചുരുട്ടമണ്ഡലി എന്നിവ അത്യന്തം അപകടകാരികളുടെ കൂട്ടത്തിലുള്ളതാണ്. വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം. ചികിത്സ സഹായമായി പരമാവധി ഒരുലക്ഷം വരെയും ലഭിക്കും. എന്നാല്‍, പട്ടികവര്‍ഗക്കാരാണെങ്കില്‍ ചികിത്സ സഹായത്തിന് പരിധിയില്ല.
സീമ മോഹന്‍ലാല്‍