ദുബായുടെ സ്വകാര്യ അഹങ്കാരമാണ് ബുര്‍ജ് ഖലീഫ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബുര്‍ജ് ഖലീഫയുടെ പകിട്ട് നഷ്ടപ്പെടാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ മാന്‍ ഹാട്ടനിലാണ് ബുര്‍ജ് ഖലീഫയുടെ ഇരട്ടി ഉയരമുള്ള കെട്ടിടം വരാന്‍ പോകുന്നത്. ബിഗ് ബെന്‍ഡ് എന്നാണ് കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ ഡിസൈന്‍ കഴിഞ്ഞ ദിവസം ഓയിയോ സ്റ്റുഡിയോ പുറത്തുവിട്ടു. ന്യൂയോര്‍ക്കില്‍ത്തന്നെ നിര്‍മാണം പുരോഗമിക്കുന്ന ബില്യണയേഴ്സ് റോ എന്ന ആഡംബര അംബരചുംബിയെ പിന്നിലാക്കാനാണ് ബിഗ് ബെന്‍ഡ് പദ്ധതിയിടുന്നത്. ഇതിലൂടെ നിര്‍മാണരംഗത്തെ കിടമത്സരത്തിനും അമേരിക്ക വേദിയാകും.
പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു ഇരുമ്പു കഷണം രണ്ടായി വളച്ചുവച്ചതുപോലെയുള്ള ആകൃതിയിലാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 4000 അടി (1230 മീറ്റര്‍) നീളമുണ്ടാകുന്ന കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും നിര്‍മിക്കുക സ്റ്റീലിലും ഗ്ലാസിലുമായിരിക്കും. കെട്ടിടത്തിന്റെ മുകളിലെത്തി വളഞ്ഞു പുളഞ്ഞു സഞ്ചരിക്കാവുന്ന എലിവേറ്റര്‍ സംവിധാനങ്ങളും ഇതിനായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഡിസൈനിങ്ങില്‍ ഏറ്റവും സങ്കീര്‍ണമായ ഘട്ടം ഇതായിരുന്നുവെന്നു ഡിസൈനര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അംബരചുംബികളുടെ ഉയരം സംബന്ധിച്ച് ന്യൂയോര്‍ക്കില്‍ നിലനില്‍്ക്കുന്ന കര്ശനവ്യവസ്ഥകളെ മറികടക്കാനാണ് കെട്ടിടം മുകളില്‍ ചെന്ന് വളഞ്ഞു താഴേക്ക് പോകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.മെലിഞ്ഞ അംബരചുംബികള്‍ ലോകമെങ്ങും ട്രെന്‍ഡായി തുടങ്ങുകയാണ്. 2014 ല്‍ ന്യൂയോര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ ‘വണ്‍ 57’ എന്ന കെട്ടിടത്തിനു ലഭിച്ച സ്വീകാര്യതയാണ് ബിഗ് ബെന്‍ഡ് എന്ന ആശയത്തിന് ഡിസൈനര്‍മാര്‍ക്കും പ്രചോദനമായത്. ലോകത്തെ പ്രധാന ആര്‍ക്കിടെക്ചര്‍ ഹബ്ബായ ദുബായില്‍ ‘ദുബായ് ഫ്രെയിം’ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ലോകം ഉയരത്തിലേക്കു കുതിക്കുകയാണെന്നര്ഥം.