ഐസിസി 2023 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ജേതാവിനെ കണ്ടെത്താനുള്ള ഫൈനലിലേക്കുള്ളത് ഒരു ദിനത്തിന്റെ അകലം മാത്രം.
ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കിരീടപോരാട്ടം ആരംഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലാണു ഫൈനൽ പോരാട്ടം എന്നതാണു ശ്രദ്ധേയം.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ സമീപനാളിലെ പ്രകടനം മികച്ചതാണ്. 2017നുശേഷം ഇരു ടീമും തമ്മിൽ അരങ്ങേറിയ നാല് ടെസ്റ്റ് പരന്പരയും ഇന്ത്യ സ്വന്തമാക്കി.
രണ്ട് എവേ പരന്പരയും രണ്ട് ഹോം പരന്പരയും 2-1 എന്ന മാർജിനിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവൽ മൈതാനത്താണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. നിഷ്പക്ഷവേദിയാണെങ്കിലും ഓവലിൽ ഇന്ത്യയുടെ ആരാധകർക്കായിരിക്കും മുൻതൂക്കം.
സന്തുലിത പിച്ച്
ഓവലിലെ പിച്ചിൽ പേസർമാർക്കാണു കൂടുതൽ വിക്കറ്റ് നേട്ടം അവകാശപ്പെടാനുള്ളത്. എന്നാൽ, അവസാന രണ്ടു ദിനം പിച്ച് ഡ്രൈ ആകുന്നതോടെ സ്പിന്നർമാർക്കും പിന്തുണ ലഭിച്ചേക്കും. ഇംഗ്ലണ്ടിലെ അടിക്കടി മാറുന്ന കാലാവസ്ഥ അനുസരിച്ചായിരിക്കും പിച്ചിന്റെ സ്വഭാവം.
ഹൈ സ്കോറിംഗ് മത്സരമാണെങ്കിലും ബൗളർമാർക്കു വിക്കറ്റ് ലഭിക്കുന്ന പിച്ചായാണ് ഓവൽ കരുതപ്പെടുന്നത്. അതായത്, ബാറ്റർമാരെയും ബൗളർമാരെയും ഒന്നുപോലെ പിച്ച് പിന്തുണയ്ക്കുമെന്നു ചുരുക്കം. പിച്ചിൽ പുല്ലിന്റെ അംശം ഏറെ കുറവുള്ള ഇംഗ്ലണ്ടിലെ പിച്ചുകളിലൊന്നാണ് ഓവലിലേത് എന്നതും ശ്രദ്ധേയം.
104: ചരിത്ര സ്റ്റേഡിയം
ഇംഗ്ലണ്ടിൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് നടന്ന മൈതാനമാണ് ഓവൽ. 1880ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു ഇവിടെ ആദ്യടെസ്റ്റ്. 104 ടെസ്റ്റ് മത്സരങ്ങൾക്ക് ഓവൽ ഇതുവരെ വേദിയായിട്ടുണ്ട്. നൂറിലധികം ടെസ്റ്റ് അരങ്ങേറിയ ലോകത്തിലെ നാലാമത്തെ വേദിയാണിത്. ലോഡ്സ് (144), മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് (115), സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് (111) എന്നിവയാണ് നൂറിലധികം ടെസ്റ്റ് അരങ്ങേറിയ ലോകത്തിലെ മറ്റു വേദികൾ.
ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ 343ഉം രണ്ടാം ഇന്നിംഗ്സ് സ്കോർ 304ഉം ആണ്. ഓവലിൽ ആദ്യം ബാറ്റ് ചെയ്ത ടീമാണു കൂടുതൽ ജയം നേടിയത് (37). രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത് 29 മത്സരങ്ങളിൽ മാത്രമാണ്.
ഹെയ്സൽവുഡ് പുറത്ത്
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനു മുന്‍പ് ഓസ്ട്രേലിയയ്ക്കു തിരിച്ചടി. പരിക്കേറ്റ പേസ് ബൗളർ ജോഷ് ഹെയ്സൽവുഡ് ഫൈനലിൽനിന്നു പുറത്തായി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കളിക്കാരനായ ഹെയ്സൽവുഡിനു മത്സരത്തിനിടെ പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകാത്തതോടെയാണ് ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽനിന്നു ഹെയ്സൽവുഡ് പുറത്തായത്.
ഹെയ്സൽവുഡിനു പകരം മൈക്കിൾ നേസർ ഓസീസ് ടീമിലെത്തി. ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ഹെയ്സൽവുഡിനു പകരം സ്കോട്ട് ബോളണ്ട് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടാനുള്ള സാധ്യത ഇതോടെ തെളിഞ്ഞു.