ഏറ്റവും വേഗത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ചുറ്റുക എന്ന ലക്ഷ്യവുമായി യാത്ര പുറപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ട്. കാസാന്‍ഡ്ര ഡി പെകോള്‍ എന്നാണ് അവളുടെ പേര്. അമേരിക്കക്കാരിയായ ഈ സുന്ദരിയ്ക്ക് യാത്ര ഒരു ഹരമാണ്. എക്‌സപഡീഷന്‍ 196 എന്ന് പേരിട്ടാണ് അവള്‍ ലോകയാത്രയ്ക്കു തിരിച്ചത്. 13406000 രൂപയുമായാണ് ഈ യുവസുന്ദരി യാത്രക്കിറങ്ങിത്തിരിച്ചത്. ആദ്യമൊക്കെ സ്വന്തമായി കണ്ടെത്തിയ പണം കൊണ്ടായിരുന്നു യാത്രയെങ്കില്‍ ഇപ്പോളവള്‍ക്കു സ്‌പോണ്‍സര്‍മാരുടെ സഹായം കിട്ടുന്നുണ്ട്.
2015 ജൂലൈയിലാണ് ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യവുമായി ഇവള്‍ യാത്രക്കിറങ്ങിത്തിരിച്ചത്. ഇതുവരെ 181 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ബാക്കിയുള്ള 15 രാജ്യങ്ങള്‍ 40 ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചു മടങ്ങാനായാല്‍ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍196 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വനിത എന്ന റെക്കോര്‍ഡ് ഇവള്‍ക്കു സ്വന്തമാക്കാം.
ഇതുവരെയുള്ള യാത്രകള്‍ക്കായി വേണ്ടി വന്നത് 4 പാസ്‌പോര്‍ട്ടാണ്. നിലവില്‍ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം (International Institute for Peace Through Tourism) എന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡറാണ് കാസാന്‍ഡ്ര. യാത്രാനുഭങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്ന പതിവ് കസാന്‍ഡ്രയ്ക്കുണ്ട്. അങ്ങനെയാണ് കസാന്‍ഡ്രയുടെ യാത്രാ ഭ്രാന്ത് ലോകമറിഞ്ഞതും. അവളുടെ യാത്രയ്ക്കുവേണ്ട സാമ്പത്തിക സഹായം നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നതും. ഏറ്റവും കൂടുതല്‍ വേഗത്തില്‍ ലോകത്തിലെ പരമാധികാര രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡില്‍ കാസാന്‍ഡ്രയുടെ പേര് ഇടംപിടിക്കുമോ എന്നറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം.