ന്യൂഡല്‍ഹി: ലോകം 4ജിയില്‍ നിന്ന് 5ജിയിലേക്ക് കുതിക്കുമ്പോള്‍ ടെക്‌നോളജിയിലെ അനന്തസാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ല്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍.
‘ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018’ എന്ന പേരിലാണു ടെലികോം നയം അവതരിപ്പിച്ചത്. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീന്‍ ടു മെഷീന്‍ (എംടുഎം) തുടങ്ങിയ ആശയങ്ങള്‍ക്കും കരടുനയത്തില്‍ പ്രാധാന്യം നല്‍കുന്നു.
ടെലികോം രംഗത്തെ അഞ്ചാം തലമുറയുടെ വരവോടെ ഡിജിറ്റല്‍ ആശയവിനിമയ മേഖലയില്‍ 100 ബില്യന്‍ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു നയത്തില്‍ പറയുന്നു.
എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിലൂടെയാണു 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.
രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. 2020ല്‍ എല്ലാ പൗരന്മാര്‍ക്കും 50 എംബിപിഎസ് വേഗത്തിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാബിറ്റ് വേഗത്തിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും.
2022ല്‍ ഇത് 10 ജിഗാബിറ്റായി ഉയര്‍ത്തും. 7.8 ലക്ഷം കോടിയോളം രൂപയുടെ നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാനപ്രശ്‌നം ഉയര്‍ന്ന സ്പെക്ട്രം വിലയും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാന്‍ ‘ഒപ്ടിമല്‍ പ്രൈസിങ് ഓഫ് സ്‌പെക്ട്രം’ നടപ്പാക്കുമെന്നും നയത്തില്‍ വിശദമാക്കുന്നു. ടെലികോം മേഖലയില്‍ വരാന്‍ പോകുന്ന വിപ്ലവത്തെ മുന്‍കൂട്ടിക്കണ്ടുള്ള ഈ തീരുമാനം സര്‍ക്കാരിന് മികച്ച സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.