നയ്റോബി: അണ്ടർ 20 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു നേട്ടം. നയ്റോബിയിലെ കാസറാണി സ്റ്റേഡിയത്തിൽ നടക്കുന്ന ചാന്പ്യൻഷിപ്പിന്റെ മിക്സഡ് റിലേയിലാണ് ഇന്ത്യൻ ടീം വെങ്കലനേട്ടം കൈവരിച്ചത്.
4×400 മീറ്റർ മിക്സഡ് റിലേയിൽ ഭരത് ശ്രീധർ, പ്രിയ മോഹൻ, സുമി, കപിൽ എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 20.60 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. നൈജീരിയൻ ടീമിനു (3:19.70) സ്വർണവും പോളണ്ടിനു (3:19.80 സെക്കൻഡ്) വെള്ളിയും ലഭിച്ചു.
ഹീറ്റ്സിൽ 3 മിനിറ്റ് 23.36 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം ഫൈനലിനു യോഗ്യത നേടിയത്. ഒന്നാം ഹീറ്റ്സിൽ ഇന്ത്യയുടെ സമയമായിരുന്നു മികച്ചത്.
രണ്ടു ഹീറ്റ്സുകളിലുമായി ഇന്ത്യയുടെതായിരുന്നു മികച്ച രണ്ടാമത്തെ സമയം. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച നൈജീരിയയുടേതായിരുന്നു മികച്ച സമയം (3:21.66 സെക്കൻഡ്).
അണ്ടർ 20 അത്ലറ്റിക്സിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്. സീമ അന്റിൽ (2002 വെങ്കലം-ഡിസ്കസ് ത്രോ), നവ്ജീത് കൗർ ദില്ലൻ ( 2014 വെങ്കലം- ഡിസ്കസ് ത്രോ), നീരജ് ചോപ്ര (2016 സ്വർണം- ജാവലിൻ ത്രോ), ഹിമാ ദാസ് (2018 സ്വർണം- 400 മീറ്റർ).