കണ്ണൂർ: കണ്ണൂരിന്റെ മണ്ണ് ഇപ്പോൾ ചുവന്നതല്ല. പച്ചയും മഞ്ഞയും ഓറഞ്ചും നീലയും നിറങ്ങൾ കണ്ണൂരിനെ കീഴടക്കിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾക്കു പകരം ലയണൽ മെസിയും നെയ്മറും ഇവിടെ ഇടംനേടിയിരിക്കുന്നു.
രാഷ്ട്രീയസംവാദങ്ങൾ മാത്രം കേൾക്കാറുള്ള കവലകളിൽ ലോംഗ് വിസിൽ മുഴങ്ങി. ഇനിയൊരു മാസത്തേക്ക് ഇവിടെ സംസാരവിഷയം ഫുട്ബോൾ മാത്രം. രാഷ്ട്രീയത്തെക്കാൾ എന്തുകൊണ്ടും ആരോഗ്യകരമായ ചർച്ച. അതിനാൽ ഇനിയൊരുമാസം കണ്ണൂരിൽ തീർത്തും സമാധാനാന്തരീക്ഷം എന്ന് വേണമെങ്കിൽ തമാശരൂപേണ പറയാം.
തെരഞ്ഞെടുപ്പുകൾ ആവേശങ്ങൾ കഴിഞ്ഞാൽ കണ്ണൂരിന്റെ ലഹരി ഫുട്ബോൾ തന്നെയാണ്. രാഷ്ട്രീയം വെറുപ്പിന്റെ പക്ഷം സൃഷ്ടിക്കുന്പോൾ ഫുട്ബോൾ കണ്ണൂരിലെ ഗ്രാമങ്ങളിൽ സൗഹൃദത്തിന്റെ പക്ഷം പിടിക്കുന്നു. നെയ്മറും മെസിയും ക്രിസ്റ്റ്യാനോയും പ്രതിഷ്ഠകളായി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഇടംനേടി കഴിഞ്ഞു.
രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണത്തിൽ തന്നെയാണ് ജില്ലയിലെ മിക്ക ക്ലബുകളും പ്രവർത്തിക്കുന്നത്. അർജന്റീന, ബ്രസീൽ, ജർമ്മനി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ആരാധകരാണ് ഏറെയും. സൗദ്യ അറേബ്യയ്ക്കും ആതിഥേയരായ റഷ്യയ്ക്കും ആരാധകരുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കൗട്ടൗട്ടുകളും ബാനറുകളും ഗ്രാമങ്ങളിലും നഗരങ്ങളിലും ഇടംനേടി കഴിഞ്ഞു. രാഷ്ട്രീയപാർട്ടികളുടെ പ്രചാരണബോർഡുകൾ നശിപ്പിക്കുന്നതും അത് വലിയ സംഘർഷത്തിലേക്കു നീങ്ങുന്നതും കണ്ണൂരിൽ പതിവാണ്. എന്നാൽ ഫുട്ബോൾ കട്ടൗട്ടുകളും ബാനറുകളും ആരു നശിപ്പിക്കുന്നില്ല.
രാഷ്ട്രീയത്തിൽ കടുത്ത ശത്രുക്കളായവർ ഒരേ ടീമിന്റെ ആരാധകരാകുന്നതും ഒരുമിച്ച് ബാനർ ഉയർത്തിയതും കണ്ണൂരിൽ സംഭവമായി കഴിഞ്ഞു. ഫുട്ബോൾ കാണുവാൻ കൂറ്റൻ സ്ക്രീനുകളും ക്ലബുകളിൽ സജീവമായി. ലോകകപ്പിന്റെ മാതൃക ഉണ്ടാക്കി അർജന്റീനയുടെയും ബ്രസീലിന്റെയും സ്പെയിനിന്റെയും ജർമനിയുടെയും ജഴ്സിയണിഞ്ഞ് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ലോകകപ്പിനെ വരവേല്ക്കുവാൻ മത്സരങ്ങളും നടന്നു.
കളി മാത്രമല്ല, ഫുട്ബോളുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളുടെ പ്രദർശനവും നടത്തി വരികയാണ്. രാഷ്ട്രീയത്തോടൊപ്പം ഫുട്ബോളും ഇനിയൊരുമാസത്തേക്ക് കണ്ണൂരിന്റെ മണ്ണിൽ അലിഞ്ഞു ചേരുകയാണ്.