ലണ്ടൻ: റഷ്യൻ ലോകകപ്പ് ഫുട്ബോളിൽ താരങ്ങളെ വിട്ടുനല്കിയതുവഴി ഏറ്റവും അധികം സാന്പത്തിക നേട്ടം ലഭിച്ച ക്ലബ്ബുകളുടെ പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. 35.27 കോടി രൂപയാണ് സിറ്റിയെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങൾക്കായി കളിച്ച താരങ്ങൾ മുഖാന്തരം ക്ലബ്ബിനു ലഭിച്ചത്. ഫിഫയാണ് വിവിധ ക്ലബ്ബുകൾക്കു നല്കിയ തുക വെളിപ്പെടുത്തിയത്. 1475 കോടി രൂപയാണ് വിവിധ ക്ലബ്ബുകൾക്കായി ഫിഫ നല്കുക.
ഇംഗ്ലീഷ് ക്ലബ്ബിനു പിന്നിൽ രണ്ടാം സ്ഥാനത്ത് സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് (33.93 കോടി രൂപ) ആണ്. ഇംഗ്ലീഷ് താരങ്ങളാൽ സന്പന്നമായ ടോട്ടനംഹോട്സ്പറിന് 30.90 കോടി രൂപ ലഭിച്ചു. ഹാരി കെയ്ന്റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ എത്തിയിരുന്നു. ബാഴ്സലോണ (29.20 കോടി രൂപ), പിഎസ്ജി (27.43 കോടി രൂപ) എന്നിവയാണ് ഇവയ്ക്കു പിന്നിൽ.
ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ താരത്തിനും ഓരോ ദിവസവും 6.01 ലക്ഷം രൂപ വീതം അവർ പ്രതിനിധീകരിക്കുന്ന ക്ലബ്ബുകൾക്കു ഫിഫ നല്കും.