കൊളംബോ: ലോകകപ്പിനൊരുങ്ങുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി സമ്മാനിച്ച് സൂപ്പര്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയും പേസര്‍ ദുഷ്മന്ത ചമീരയും പരിക്കേറ്റ് ടീമിനു പുറത്ത്.
തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഹസരംഗയ്ക്ക് വിനയായത്. ചമീരയുടെ തോളിലെ പേശികള്‍ക്കാണ് പരിക്ക്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ചു നടന്ന ട്വന്റി20 ലോകകപ്പും ചമീരയ്ക്ക് പരിക്കുമൂലം നഷ്ടമായിരുന്നു.
ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ തുറുപ്പുചീട്ടായി കരുതി വച്ചിരുന്ന ഹസരംഗയുടെ അഭാവം ടീമിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.
ഐപിഎല്ലിലടക്കം കളിച്ച് ഇന്ത്യയില്‍ മികച്ച മത്സരപരിചയമുള്ള ഹസരംഗയുടെ ചിറകിലേറിയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചു കയറിയത്. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഏകദേശം മൂന്നു മാസത്തോളം താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.
സംശയങ്ങൾക്ക് വിട നൽകി ദാസുന്‍ ഷനക തന്നെ ലോകകപ്പില്‍ ലങ്കന്‍ ടീമിനെ നയിക്കും. ഏഷ്യാക്കപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് ഷനക ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഏഷ്യാക്കപ്പില്‍ കളിച്ച ടീമിലെ ഒട്ടുമിക്കവരും ഇടംപിടിച്ച ലങ്കയുടെ 15 അംഗ ലോകകപ്പ് ടീമില്‍ പേസര്‍മാരായ ദില്ഷന് മധുഷങ്കയും ലാഹിരു കുമാരയും മാത്രമാണ് പുതുമുഖങ്ങള്‍. കരുതല്‍ താരമായി ഓള്‍റൗണ്ടര്‍ ചാമിക കരുണരത്നയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.