ഋഷി
തൃശൂർ: ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കെ തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിനെയും പ്രിയ താരത്തേയും കുറിച്ചറിയാൻ വേണ്ടി തൃശൂർ ജില്ലയിലെ ജനപ്രതിനിധികൾക്കിടയിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ബ്രസീലും നെയ്മറും മുന്നിൽ.
ജില്ലയിലെ പതിമൂന്ന് എംഎൽഎമാരിൽ 10 പേർ ബ്രസീലിനെ പിന്തുണച്ചു. രണ്ടുപേർ അർജന്റീനയെ പിന്തുണച്ചപ്പോൾ ഒരു വോട്ട് ജർമനിക്കാണ്.ബ്രസീൽ താരം നെ യ്മറെ പ്രിയതാരമായി തെരഞ്ഞെടുത്തത് ഒ ന്പതു പേരാണ്. മെ സിയെ നാലുപേർ തെരഞ്ഞെടുത്തു.
ചേലക്കര എംഎൽഎ യു.ആർ.പ്രദീപിനു ഫുട്ബോളിനേക്കാൾ ഇഷ്ടം ക്രിക്കറ്റാണെങ്കിലും ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളോട് ആവേശമാണ്. മിക്ക കളികളും കാണാറുണ്ടെന്നും അർജന്റീനയാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും മെസിയാണ് ഇഷ്ടതാരമെന്നും പ്രദീപ് പറഞ്ഞു.
കയ്പമംഗലം എംഎൽഎ ഇ.ടി.ടൈസണ് മാസ്റ്റർക്ക് ഇഷ്ട ടീം ഏതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല – ബ്രസീൽ…എല്ലാക്കാലത്തും അതുതന്നെയാണ് ഇഷ്ട ടീമെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും ടൈസണ് മാസ്റ്റർ പറഞ്ഞു. പ്രിയപ്പെട്ട താരങ്ങൾ പലരുണ്ടെങ്കിലും ഇപ്പോൾ നെയ്മർതന്നെയാണ് പ്രിയങ്കരനെന്നും ടൈസണ് മാസ്റ്റർ പറഞ്ഞു.
ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരുണൻ മാസ്റ്റർക്ക് ഇപ്പോൾ ഇഷ്ടടീം അർജന്റീനയാണ്. നേരത്തെ ബ്രസീലായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട ടീമെങ്കിലും പിന്നെപ്പിന്നെ ഇഷ്ടം അർജന്റീനയോടായി. പെലെ, മറഡോണ തുടങ്ങിയ താരങ്ങളുടെ കളികൾ ഇപ്പോഴും ആവേശത്തോടെ ഓർക്കുന്ന അരുണൻ മാസ്റ്റർക്ക് ഇപ്പോൾ പ്രിയതാരം നെയ്മറാണ്. സ്ഥിരമായി കളികൾ കാണാറുണ്ടെന്നും മുൻകാലങ്ങളിൽ ഫുട്ബോൾ സംബന്ധിയായ ലേഖനങ്ങളെഴുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ എംഎൽഎ കെ.വി. അബ്ദുൾഖാദറിന്റെ മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നതു സീക്കോ എന്ന ഫുട്ബോൾ മാന്ത്രികന്റെയും മറഡോണയുടെയും മാസ്മരിക പ്രകടനങ്ങളാണ്. ഇഷ്ടടീം അന്നും ഇന്നും ബ്രസീൽ തന്നെ. പെലെയുടെ പ്രകടനവും 80കളുടെ മധ്യത്തിൽ ബ്രസീൽ നടത്തിയ അപാരമായ പെർഫോമെൻസും തന്നെ ബ്രസീൽ ആരാധകനാക്കിയെന്ന് എംഎൽഎ പറയുന്നു. ഇപ്പോൾ പ്രിയതാരം നെയ്മർ തന്നെ.
കുന്നംകുളം എംഎൽഎയും സ്പോർട്സ് മന്ത്രിയുമായ എ.സി. മൊയ്തീന്റെ ഇഷ്ടപ്പെട്ട ടീം ജർമ്മനിയാണ്. ഇഷ്ടതാരം നെയ്മറും. തിരക്കിനിടയിലും ഫുട്ബോൾ മത്സരങ്ങൾ കാണാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂർ എംഎൽഎ വി.ആർ. സുനിൽകുമാറിന്റെ ഇഷ്ട ടീം ബ്രസീലാണ്. കാലങ്ങളായി ബ്രസീൽതന്നെയാണ് ഇഷ്ട ടീമെന്ന് എംഎൽഎ പറഞ്ഞു. നെയ്മറാണ് പ്രിയപ്പെട്ട താരം. മുമ്പ് താനും ഫുട്ബോൾ കളിച്ചിരുന്നുവെന്നു സുനിൽകുമാർ പറഞ്ഞു.
നാട്ടിക എംഎൽഎ ഗീത ഗോപിക്ക് ബ്രസീലാണ് ഇഷ്ട ടീം. ബ്രസീൽ താരങ്ങൾ നല്ല പ്രകടനം കാഴ്ചവച്ചാൽ ഇക്കുറി അവർ കപ്പെടുക്കുമെന്നാണ് ഗീത ഗോപി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ഇഷ്ട ടീമിലെ എല്ലാ കളിക്കാരും തനിക്കു പ്രിയപ്പെട്ടതാണെന്നും അതിലേറ്റവും പ്രിയം നെയ്മറോടാണെന്നും അവർ പറഞ്ഞു.
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ ഇഷ്ട ടീമും ബ്രസീലാണ്. താരം നെയ്മറും. ഫുട്ബോളിനോട് അത്ര വലിയ കന്പമില്ലെങ്കിലും ലോക കപ്പ് ഫുട്ബോളിന്റെ എല്ലാ ആവേശവും ഉൾക്കൊള്ളാറുണ്ടെന്നും പരമാവധി മത്സരങ്ങൾ കാണാറുണ്ടെന്നും ബ്രസീലിന്റെ മത്സരങ്ങൾ ഉറപ്പായും കാണാറുണ്ടെന്നും അനിൽ അക്കര പറഞ്ഞു.
ഒല്ലൂർ എംഎൽഎ കെ.രാജന് ഇഷ്ട ടീം ബ്രസീൽ തന്നെ. നെയ്മർ ഇഷ്ട താരവും. സന്തോഷ് ട്രോഫി കളിച്ച താരങ്ങളുള്ള ഒല്ലൂർ നിയോജകമണ്ഡലത്തിൽ ബിഗ് സ്ക്രീനിൽ കളികാണാൻ നാട്ടു കാർക്കൊപ്പം താനുമുണ്ടാകുമെന്നും രാജൻ പറഞ്ഞു.
ചാലക്കുടി എംഎൽഎ ബി.ഡി.ദേവസിയുടെ ഇഷ്ട ടീം ബ്രസീലും ഇഷ്ടതാരം മെസിയുമാണ്. കൊയ്ത്തൊഴിഞ്ഞ പാടത്ത് ഫുട്ബോൾ കളിച്ചുവളർന്ന കുട്ടിക്കാലവും ചെറുപ്പവും വീണ്ടുമൊരു ലോകകപ്പ് ഫുട്ബോൾ വിരുന്നെത്തുന്പോൾ മനസിൽ തെളിയുന്നുവെന്ന് ബി.ഡി.ദേവസി പറഞ്ഞു. നിരവധി ഫുട്ബോൾ പ്രതിഭകളെ സംഭാവന ചെയ്ത മണ്ണാണ് ചാലക്കുടിയുടേതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
തൃശൂരിന്റെ എംഎൽഎയും കൃഷിമന്ത്രിയുമായ വിഎസ്.സുനിൽകുമാറിനോട് ഇഷ്ടടീം ഏതെന്ന് ചോദിച്ചപ്പോൾ ചോദിക്കാനുണ്ടോ ബ്രസീൽ തന്നെ എന്നായിരുന്നു മറുപടി. എന്നാൽ ഇഷ്ടതാരം മെസിയാണ്. തിരക്കുകൾ ഏറെയുണ്ടെങ്കിലും കളി പരമാവധി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മണലൂർ എംഎൽഎ മുരളി പെരുനെല്ലിയുടെ ഇഷ്ടടീം ബ്രസീലും പ്രിയതാരം മെസിയുമാണ്. ഫുട്ബോൾ ഇഷ്ടമാണെന്നും സമയം കിട്ടുന്പോഴെല്ലാം കളി കാണാറുണ്ടെന്നും മുരളി പെരുനെല്ലി പറഞ്ഞു.
പുതുക്കാട് എംഎൽഎയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ പ്രഫ.സി.രവീന്ദ്രനാഥിന് ബ്രസീലിനോടാണ് ഇഷ്ടം. നെയ്മറാണ് പ്രിയതാരം. വിദ്യാഭ്യാസമന്ത്രിയായതിനാൽ തിക്കും തിരക്കുമേറെയാണെങ്കിലും ലോകകപ്പ് മത്സരങ്ങൾ പരമാവധി കാണാൻ ശ്രമിക്കാറുണ്ടെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ കളിയുടെ വിവരങ്ങൾ ചോദിച്ചറിയാറുണ്ടെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.