ദുബായ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആരാധകർക്കിടയിൽ തരംഗമായി മാറി. “ദിൽ ജഷൻ ബോലെ…’ എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐസിസിക്കു വേണ്ടി ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകനായ പ്രീതം ചക്രവർത്തിയാണ്.
ബോളിവുഡ് നടൻ രണ്‍വീർ സിംഗാണു ഗാനത്തിലെ പ്രധാനതാരം. ഒപ്പം സംഗീത സംവിധായകൻ പ്രീതവുമുണ്ട്. ശ്ലോകെ ലാൽ, സാവേരി വർമ എന്നിവരാണു ഗാനരചന നിർവഹിച്ചിരിക്കുന്നത്.
പ്രീതം, നകാഷ് അസീസ്, ശ്രീരാമ ചന്ദ്ര, അമിത് മിശ്ര, ജോണിത ഗാന്ധി, ആകാശ, ചരണ്‍ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്.
ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടും.
2011ലാണ് അവസാനമായി ഇന്ത്യയിൽവച്ച് ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ കിരീടത്തിൽ മുത്തമിട്ടിരുന്നു. ഒക്ടോബർ എട്ടിന്, കരുത്തരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.