ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ഇപ്പോള്‍ നാല്‍പ്പത് വയസ് ! ചരിത്രത്തില്‍ ഇടംപിടിച്ച ല്യൂയീസ് ബ്രൗണിന്റെ ജീവിതം ഇങ്ങനെ…

ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് ഇപ്പോള്‍ നാല്‍പത് വയസ്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ലക്ഷക്കണക്കിന് ദമ്പതികള്‍ക്ക് പ്രതീക്ഷയേകിയാണ് ലൂയിസ് ജോയ്ബ്രൗണ്‍ എന്ന കുഞ്ഞ് 1978ല്‍ ഐവിഎഫ് (In Vitro Fertilisation) ചികിത്സയിലൂടെ ജനിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെ പിറന്ന ലൂയിയുടെ ചെറുപ്പകാലം എന്നും വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ലോകത്തിന് അന്നുവരെ അന്യമായിരുന്ന ഈ ചികിത്സയിലൂടെ പിറന്ന കുഞ്ഞിന്റെ ജന്മരഹസ്യത്തെ പോലും പലരും ചോദ്യം ചെയ്തു.

എന്നാല്‍ ഇന്ന് ലോകത്താകമാനം എട്ടു മില്യന്‍ ആളുകളാണ് ഈ ചികിത്സ വഴി മാതാപിതാക്കളായത്. ഈ ആഴ്ചയില്‍ ലൂയിസ് തന്റെ 40-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആ രഹസ്യം തന്നില്‍ മാത്രം ഒതുങ്ങുന്നതാണ് തനിക്ക് ഇഷ്ടമെന്ന് അവര്‍ പറയുന്നു. പാട്രിക് സ്‌റ്റെപ്‌റ്റോയും റോബര്‍ട്ട് എഡ്വാര്‍ഡ്‌സ് എന്നിങ്ങനെ രണ്ടു ഗവേഷകരാണ് ഈ ചികിത്സ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാ ചികിത്സാരീതികളും പരാജയപ്പെട്ടു കഴിയുന്നവര്‍ക്ക് ഇന്നും ആശ്രയമാണ് ഐവിഎഫ്.

തന്റെ അമ്മ ലെസ്ലി ബ്രൗണും അച്ഛന്‍ ജോണും കടുത്ത മാനസികസമ്മര്‍ദത്തിനൊടുവിലാണ് ആദ്യമായി കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ തേടിയതെന്ന് ലൂയിസ് പറയുന്നു. അമ്മയ്ക്ക് ആ സമയം വിഷാദരോഗം വരെ ഉണ്ടായിരുന്നു. അവരോടു അന്ന് ഇങ്ങനെയൊരു പുതിയ ചികിത്സയെ കുറിച്ച് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവര്‍ ആ പരീക്ഷണത്തിന് മുതിര്‍ന്നു. ഇതാണ് തന്റെ പിറവിക്ക് കാരണമായത്.
പിന്നീട് 1982 ല്‍ തന്റെ സഹോദരി നതാലിയും ഇതേ വഴിയിലൂടെയാണ് പിറന്നത്. അപ്പോഴേക്കും ലോകത്ത് ഇങ്ങനെ ജനിച്ച നാല്പതാമത്തെ കുഞ്ഞായി അവള്‍ മാറിയിരുന്നു.

ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ഈ ചികിത്സ ലഭ്യമാണ്. നിങ്ങള്‍ എവിടെയാണ് ജീവിക്കുന്നത്, ഏതു ഡോക്ടറെയാണ് കാണുന്നത് എന്നതൊക്കെ ആശ്രയിച്ചാണ് ഇപ്പോള്‍ ഇതിന്റെ ചെലവുകള്‍. എങ്കിലും ദിവസവും ആയിരക്കണക്കിന് ദമ്പതികള്‍ ഇതിനായി മുന്നോട്ട് വരുന്നു. ഐവിഎഫ് ചികിത്സ അത്രത്തോളം സാധാരണമായിരിക്കുന്നു. പണ്ട് ഇതിന്റെ സാധ്യതകളെ ഒരുസംഘം എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ന് അവരെല്ലാം ഐവിഎഫ് നെ അനുകൂലിക്കുന്നു. തന്റെ ജനനത്തിന് കാരണമായവരില്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല, എങ്കിലും അവര്‍ ഈ ലോകത്തിനു വേണ്ടി ചെയ്ത ഈ മഹത്തരസേവനങ്ങള്‍ക്ക് താന്‍ ഇപ്പോഴും അവരോടു നന്ദി പറയാറുണ്ടെന്ന് ലൂയിസ് പറയുന്നു. കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദാമ്പതികള്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നാണ് ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ഉപദേശം.

Related posts