മാലാഖയുടെ പേരുള്ള രാക്ഷസന്‍, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചലിനേക്കുറിച്ചറിയാം

angelകെരെപകുപായി മേരു ഈ പേരു കേട്ടാല്‍ എന്താണെന്നു വിചാരിച്ച് ആളുകള്‍ ഒന്നു ചിന്തിക്കും. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചലിന്റെ പേരാണിത്. ഏറ്റവും താഴ്ച്ചയില്‍ പതിക്കുന്ന വെള്ളച്ചാട്ടം എന്നാണിതിനര്‍ഥം. വെനസ്വലയിലെ ഈ അദ്ഭുത വെള്ളച്ചാട്ടത്തിന് 979 മീറ്ററാണ് ഉയരം. ബൊളിവര്‍ സംസ്ഥാനത്തെ കാനെയ്മാ ദേശിയോദ്യാനത്തിലെ ടേബിള്‍ടോപ് മൗണ്ടനായ ഓയെന്‍ ടെപ്പൂയിയില്‍ നിന്നാണ് ഏഞ്ചല്‍ ഉത്സഭിക്കുന്നത്. വെനസ്വലയിലെ ഏറ്റവും ഉയരം കൂടിയ ടെപ്പൂയിയാണ് ഓയെന്‍. ഏഞ്ചലിന്റെ ഉയരത്തിനു കാരണവും ഇതുതന്നെ.  സാള്‍ട്ടോ ഏഞ്ചല്‍ എന്നാണ് സ്പാനിഷ് ഭാഷയില്‍ ഇവന്റെ പേര്. ലോകപ്രശസ്തമായ നയാഗ്രാ വെള്ളച്ചാട്ടത്തിനേക്കാള്‍ 15 മടങ്ങ് വലുതാണ് ഏഞ്ചല്‍.

1933ല്‍ ജിമ്മി ഏഞ്ചല്‍ എന്ന സാഹസികനായ അമേരിക്കന്‍ വൈമാനികനാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തുന്നത്. സ്വര്‍ണം കൊണ്ടു നിറഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന മക് ക്രാക്കന്‍ നദിയും നദീതീരത്തെ സുവര്‍ണ നഗരവും തേടിയുള്ള യാത്രയിലാണ് ജിമ്മി ഏഞ്ചല്‍ ഈ അദ്ഭുത ജലപ്രവാഹം കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് വെള്ളച്ചാട്ടത്തിന് ഏഞ്ചല്‍ എന്ന പേരിടുന്നത്. 1937ല്‍ ജിമ്മി ഏഞ്ചല്‍ വീണ്ടും ഇവിടെയെത്തി. ഇത്തവണ അദ്ദേഹത്തോടൊപ്പം ഭാര്യയും സുഹൃത്ത് ഗുസ്താവും ഉണ്ടായിരുന്നു. അന്ന് ഓയെന്‍ടെപ്പൂയി മൗണ്ടനു മുകളില്‍ വിമാനം അടിയന്തിരമായി ഇടിച്ചിറക്കുകയായിരുന്നു. ടെപ്പൂയിയില്‍ നിന്നും താഴെക്കിറങ്ങിയ ജിമ്മിയും സഹയാത്രികരും 11 ദിവസമാണ് കാട്ടിലൂടെ അലഞ്ഞത്. അന്ന് ജിമ്മി ഇടിച്ചിറക്കിയ  വിമാനം 33 വര്‍ഷത്തിനു ശേഷം ഒരു ഹെലിക്കോപ്ടറെത്തി കൊണ്ടു പോവുകയായിരുന്നു.  മാരക്കായിലെ ഏവിയേഷന്‍ മ്യൂസിയത്തിലാണ് ആ വിമാനം ഇപ്പോള്‍. ടെപ്പൂയിയുടെ മുകളില്‍ വിമാനത്തിന്റെ ഒരു പതിപ്പും സ്ഥാപിച്ചിട്ടുണ്ട്.

അതിസുന്ദരമായ ടെപ്പൂയി പര്‍വതങ്ങളാണ് ഏഞ്ചല്‍ പതിക്കുന്ന കനെയ്മാ ദേശിയോദ്യാനത്തിന്റെ പ്രത്യേകത്. അതുപോലെ തന്നെ എണ്ണമില്ലാത്ത അത്ര നദികളും തടാകങ്ങളും പുല്‍മേടുകളും  കനെയ്മയെ മനുഷ്യജീവിത്തതില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാക്കി മാറ്റുന്നു. പ്രാചീന ഗോത്രവര്‍ഗക്കാരുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം. പുരാതനമായ പല ആചാരങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. വെനസ്വലയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തായിയാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. 1962 ജൂണ്‍ 12നാണ് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്.

വെനിസ്വലയുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് കനെയ്മാ ദേശീയ ഉദ്യാനവും ഏഞ്ചല്‍ വെള്ളച്ചാട്ടവും. പ്യൂര്‍ട്ടോ ഓര്‍ഡാസില്‍ നിന്നും സിയുഡാഡ് ബൊളിവറില്‍ നിന്നും വിമാനത്തില്‍ കനെയ്മക്യാമ്പിലെത്താന്‍ സാധിക്കും. നദിയിലൂടെയുള്ള യാത്ര അവസാനിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവകേന്ദ്രത്തിലാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് നദീയാത്രയുടെ സീസണ്‍. ആഴമേറിയ നദിയിലൂടെയുള്ള യാത്രയ്ക്ക് സഹായികളാവുന്നത് പെമോണ്‍ വര്‍ഗക്കാരാണ്. പല സിനിമകളിലൂടെയും ഏഞ്ചലിന്റെ ദൃശ്യഭംഗി ലോകം കണ്ടു. ലോകത്തിന്റെ നെറുകയില്‍ ഏഞ്ചല്‍ വിരാജിക്കുകയാണ് ലോകത്തിലെ ഒന്നാമന്‍ എന്ന അഹങ്കാരത്തോടെ…

Related posts