ഭാര്യ അത്ര പോരാ എന്ന് അഭിപ്രായമുള്ള ഭർത്താക്കന്മാർ ഇവാൻ പന്റിലീവ് എന്ന റഷ്യൻ വ്യവസായിയെ പരിചയപ്പെടുന്നതു നന്നായിരിക്കും. കാരണം ഭാര്യയോടുള്ള സ്നേഹം ഇത്തിരിക്കൂടിപ്പോയി എന്നുള്ള ചെറിയ തെറ്റിന്റെ പേരിൽ റഷ്യൻ സമൂഹമാധ്യമങ്ങളിൽ കഠിന പൊങ്കാലയാക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് കക്ഷി.
സംഭവം ഇങ്ങനെ. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ഭരണനേതൃത്വം ലോകകപ്പ് പ്രചാരണത്തിനുള്ള കരാർ നല്കിയത് ഇവാന്റെ ഉടമസ്ഥതയിലുള്ള പരസ്യക്കന്പനിക്കായിരുന്നു.
ലോകകപ്പിന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ടുള്ള പരസ്യചിത്രങ്ങളും കട്ടൗട്ടുകളും നിർമിക്കുകയെന്നതായിരുന്നു ചുമതല.
ഇവാൻ, അധികൃതർ പറഞ്ഞപോലെ കൃത്യസമയത്തുതന്നെ പരസ്യ ചിത്രങ്ങളും കൂറ്റൻ കട്ടൗട്ടുകളുമൊക്കെ തയാറാക്കി മോസ്കോയുടെ വിവിധ ഭാഗങ്ങളിൽ നിരത്തി. എന്നാൽ, എല്ലാത്തിലും നായിക ഒരേ ഒരാൾ; ഇവാന്റെ ഭാര്യ ഡാരിയ പന്റിലീവ്. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ സമൂഹമാധ്യമങ്ങളിൽ ഇവാനെ പഞ്ഞിക്കിട്ടു.
സർക്കാർ ചെലവിൽ സ്വന്തം ഭാര്യയുടെ കട്ടൗട്ട് വയ്ക്കാൻ നാണിമില്ലേയെന്നാണ് ആളുകളുടെ ചോദ്യം. മോഡലിംഗ് രംഗത്തു സജീവമായി നിൽക്കുന്ന ഒരു പാടു സുന്ദരികളുള്ളപ്പോൾ എന്തിനാണ് ഈ പാതകമെന്നു റഷ്യൻ യുവാക്കൾ ട്രോളുകളിറക്കി. എന്നാൽ, എല്ലാ വിമർശനങ്ങൾക്കുമുള്ള ഇവാന്റെ ഉത്തരം ഇങ്ങനെ-“എന്റെ ഭാര്യയുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ടവരാണ് പ്രശ്നമുണ്ടാക്കുന്നത്’’