കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ കാന്റീനിൽനിന്ന് വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള കാന്റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്നും കണ്ടെത്തിയ സാഹചര്യത്തിൽ കാന്റീൻ അടച്ചുപൂട്ടി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പുഞ്ചവയൽ സ്വദേശി കൊച്ചുപറമ്പിൽ കെ. മോനിച്ചൻ മാതാവ് ലീലാമ്മയെ കൊണ്ട് വാങ്ങിപ്പിച്ച ബിരിയാണിയിൽനിന്നാണ് പുഴുവിന് സമാനമായ ചത്ത ജീവിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പരാതി വാസ്തവമാണെന്ന് കണ്ടെത്തി.
ജീവനക്കാരിൽ ഒരാൾക്ക് ഒഴികെ ബാക്കി ആർക്കും ഹെൽത്ത് കാർഡുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് രേഖാമൂലം ഇതിനുള്ള നോട്ടീസും നൽകി സ്ഥാപനം പൂട്ടിച്ചു.
അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെങ്കിലും പോസ്റ്റ്മോർട്ടം മുറിക്ക് സമീപം രണ്ട് മീറ്ററോളം മാത്രം മാറി കാന്റീനിന്റെ അടുക്കള പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.