അമുൽ പ്രോട്ടീൻ ബട്ടർ മിൽക്കിന്റെ പെട്ടിയിൽ നിന്നും ജീവനുള്ള പുഴുക്കൾ പുറത്തുവരുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗജേന്ദർ യാദവ് എന്ന ആളാണ് എക്സിലൂടെ തനിക്കുണ്ടായ ഈ അനുഭവം പങ്കുവച്ചത്. തെളിവായി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തു.
താൻ എപ്പോഴും വിശ്വസിക്കുന്ന ബ്രാൻഡായ അമുലിന്റെ ഗുണനിലവാര നിയന്ത്രണത്തെ ചോദ്യം ചെയ്തുകൊണ്ട്, യാദവ് ബട്ടർ മിൽക്കിലൂടെ ഇഴയുന്ന വെളുത്ത പുഴുക്കളെ കാണിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.
പാക്കറ്റുകളുടെ പകുതിയോളം തുറന്നു കീറി, ബട്ടർ മിൽക്ക് ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു. ബട്ടർ മിൽക്കിൽ നിന്ന് ദുർഗന്ധവും വരുന്നുണ്ടായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു.
പരിശോധനയ്ക്കായി തെളിവുകൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ അമുലിന് അയച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പോസ്റ്റ് ചെയ്തു.
സംഭവത്തിൽ അമുൽ മാപ്പ് പറഞ്ഞതായി യാദവ് ഒരു അപ്ഡേറ്റിൽ പരാമർശിച്ചു. പ്രശ്നം പരിഹരിക്കാൻ അമുൽ പണം തിരികെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപ്പന്നം മാറ്റി നൽകാൻ അവർ വാഗ്ദാനം ചെയ്തെങ്കിലും, യാദവ് അത് നിരസിക്കുകയും ചെയ്തു. മറ്റൊരു അപ്ഡേറ്റിൽ അമുലിന്റെ ഗുജറാത്ത് ഹെഡ് ഓഫീസിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ച കാര്യവും കൂട്ടിച്ചേർത്തു.