ഭൂമിയിൽ 90 വർഷത്തോളം കാണാതിരുന്ന ജീവിയെ വീണ്ടും കണ്ടെത്തി. സൊമാലി ഷാർപ് സ്നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തിയത്. സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിലെ ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. ആൻസൈലോക്രേനിയം സൊമാലിക്കം എന്നാണ് ഇതിന്റെ ശാസ്ത്ര നാമം.
വ്യത്യസ്തമായ ജൈവവൈവിധ്യത്താൽ സമ്പന്നമായ രാജ്യമാണ് സൊമാലിയ എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി ജീവികളെ ഇവിടെ നിന്നും മുമ്പും കണ്ടെത്തിയിട്ടുണ്ട്.
ഈ വിചിത്രപല്ലിയെ 1931 -ലാണ് മാർക് സ്പൈസർ എന്ന ഗവേഷകനും സംഘവും ചേർന്ന് കണ്ടെത്തിയത്. പിന്നീട് ഇവയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിങ്ക് ശരീരനിറമുള്ള ഈ പല്ലിവർഗത്തെ കണ്ടാൽ ഒരു മണ്ണിരയാണെന്നേ തോന്നൂ.
മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. കാഴ്ച ശക്തിയിൽ പിന്നോട്ടാണെങ്കിലും കേൾവി ശക്തിയിൽ മുന്നിലാണിവർ.
കാലുകളില്ലാത്ത പല്ലികളെ അമേരിക്കൻ വൻകരകൾ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പ്രത്യേകയിനം സൊമാലി വേം ലിസാഡുകൾ എത്യോപ്യയിലും സൊമാലിയയിലും മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.