ലിയോണിംഗ്: ആകാശത്തുനിന്നു പുഴുക്കൾ മഴപോലെ പെയ്യുന്നതിനെക്കുറിച്ചു സങ്കൽപിക്കാൻ പറ്റുമോ? ചൈനയിൽ അങ്ങനെ സംഭവിച്ചെന്ന വാർത്തകളാണു പുറത്തുവരുന്നത്. “പുഴുമഴ’ പെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് റിപ്പോർട്ട്.
ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ പുഴുക്കൾ കിടക്കുന്നതിന്റെയും വീടിന്റെ മേൽക്കൂരകൾ പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പുഴുമഴയെ പേടിച്ച് ആളുകൾ കുടചൂടി നിൽക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്.സംഭവത്തിൽ ഔദ്യോഗികമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനാൽത്തന്നെ ഈ വീഡിയ വ്യാജമാണന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ ഈവിധത്തിലുള്ള വിചിത്രമഴകൾ മുൻപു പെയ്തിട്ടുള്ളതായും അതിനു ശാസ്ത്രാടിസ്ഥാനമുള്ളതായും പറയുന്നുണ്ട്.
മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റിൽ ജീവികളും മറ്റും ഒരിടത്തുനിന്ന് ഉയർന്നു മറ്റൊരിടത്തു മഴപോലെ പതിക്കാമെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം, ഓസ്ട്രേലിയയിലെ ലജാമാനു നഗരത്തിൽ ആകാശത്തുനിന്നു മത്സ്യങ്ങൾ പെയ്തുവെന്ന വാർത്ത പുറത്തുവന്നിരുന്നു.
ശക്തമായ മഴയുള്ള സമയത്ത് മത്സ്യമഴ പെയ്യുന്നത് കണ്ടതായാണ് പ്രദേശവാസികൾ അവകാശപ്പെട്ടത്. നിലത്ത് വീണ മത്സ്യങ്ങൾ ജീവനുള്ളവയായിരുന്നുവെന്നും കുട്ടികൾ അവയെ കുപ്പികളിൽ ശേഖരിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.