ഉപ്പുതറ: വാഗമണ്ണിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു മാസം മുമ്പ് പൂട്ടിച്ച ഹോട്ടൽ വീണ്ടും തുറന്നപ്പോൾ കിട്ടിയത് പുഴുവിനെ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 ഓടെ വാഗമൺ ടൗണിൽ പ്രവർത്തിക്കുന്ന വാഗലാൻഡ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരുടെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടതായി പറയുന്നത്.
കോഴിക്കോടു നിന്നെത്തിയ 95 അംഗ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർഥികൾക്കാണ് പുഴുവിന്റെ ഭാഗം കറിയിൽനിന്ന് കിട്ടിയത്.
തുടർന്ന് കുട്ടികൾ ഛർദിക്കുകയും മറ്റു നാലു കുട്ടികൾക്കുകൂടി ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ആറുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വാഗമൺ പോലീസ് സ്ഥലത്തെത്തിയശേഷം ഏലപ്പാറ പഞ്ചായത്തിനെയും ആരോഗ്യവിഭാഗത്തെയും വിവരമറിയിച്ചു.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനെത്തുടർന്ന് ഒരു മാസം മുന്പ് ഈ ഹോട്ടലിനെതിരേ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് വീണ്ടും പ്രവർത്തനമാരംഭിക്കുകയായിരുന്നു. വൈകുന്നേരം നാലോടെ തൊടുപുഴയിൽനിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ കുട്ടികളുടെ പരാതി ശരിവയ്ക്കുകയും ചെയ്തു. ഹോട്ടലിൽനിന്ന് പഴകിയ മാംസങ്ങളും പിടിച്ചെടുത്തു.
പരിശോധനയ്ക്കുശേഷം ഹോട്ടൽ അനിശ്ചിത കാലത്തേക്ക് പൂട്ടി. കോഴിക്കോട് ഗ്ലോബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ 85 കുട്ടികളും ഒന്പത് അധ്യാപകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.