അഞ്ചരലക്ഷം സൈനികര്‍ക്കു പുറമെ വന്‍ സൈബര്‍ സേനയും വന്‍ ശക്തികളോടു കിടപിടിക്കുന്ന വ്യോമസേനയും; ലോക പോലീസിനെ പാഠം പഠിപ്പിക്കാന്‍ ഇറാന് കഴിയുമോ ?

അമേരിക്കയെ പാഠം പഠിപ്പിക്കാന്‍ ഇറാനാകുമോ എന്നാണ് ലോകം ഇപ്പോള്‍ ചോദിക്കുന്നത്. അമേരിക്ക ലോക പോലീസാണെന്നതൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. ജനറല്‍ ഖാസിം സുലൈമാനിയുടെ വധം അവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ രക്തസാക്ഷിത്വത്തിന് മറുപടി നല്‍കുമെന്നും അവര്‍ പറയുന്നു.

എന്തു വന്നാലും അമേരിക്കയ്ക്കിട്ട് പണിയാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകാനാണ് ഇറാന്റെ തീരുമാനം. ഇറാനുമായുള്ള ഏറ്റുമുട്ടലിന് യുഎസിന് ധൈര്യമില്ലെന്ന് ഇറാന്‍ സൈനിക തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്‍റഹീം മൗസവി പ്രഖ്യാപനം തന്നെ ഇത് വെളിവാക്കുന്നതാണ്. ഇസ്ലാമിക് സ്റ്റേറ്റ്, ഹിറ്റ്ലര്‍, ജെങ്കിസ്ഖാന്റെ പടയാളികള്‍ എന്നിവരെല്ലാം സംസ്‌കാരത്തിന് എതിരായിരുന്നു. ട്രംപ് കോട്ടിട്ട ഭീകരനാണ്. ഇറാനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. ചരിത്രം ട്രംപ് ഉടന്‍ പഠിക്കുമെന്നും ഇറാന്‍ മന്ത്രി
ഇറാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ട്വീറ്റ് ചെയ്തു.

യുഎസ് സ്ഥാപനങ്ങളെയോ പൗരന്മാരെയോ ഇറാന്‍ ആക്രമിച്ചാല്‍ കുറച്ച് പുതിയ ആയുധങ്ങള്‍ ഇറാനിലേക്ക് അയക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്നായിരുന്നു ട്രംപിന്റെ അവസാനത്തെ പ്രതികരണം. എന്നാല്‍ ഇതൊന്നും ഇറാനെ ഭയപ്പെടുത്താന്‍ പര്യാപ്തമല്ല. 5.23 ലക്ഷം പേര്‍ ഇറാന്‍ സൈന്യത്തില്‍ സജീവമായുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നര ലക്ഷം പേര്‍ സൈന്യത്തിലും ഒന്നരലക്ഷം പേര്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സിലുമാണ് (ഐആര്‍ജിസി). 20,000ത്തില്‍ അധികംപേര്‍ ഐആര്‍ജിസിയുടെ നാവികസേനയിലും പ്രവര്‍ത്തിക്കുന്നു. ഈ സംഘമാണ് ഹോര്‍മുസ് കടലിടുക്കില്‍ ബോട്ടിലൂടെ പട്രോളിങ് നടത്തുന്നത്. ആഭ്യന്തരമായ പ്രശ്നങ്ങള്‍ അടിച്ചമര്‍ത്താന്‍ ബസിജ് യൂണിറ്റ് എന്ന സംഘവും ഐആര്‍ജിസിയുടെ കീഴിലുണ്ട്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ സംരക്ഷിക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുമുന്‍പാണു റവല്യൂഷനറി ഗാര്‍ഡ്സ് രൂപീകരിച്ചത്. ഇറാനിലെ പ്രധാനപ്പെട്ട സൈനിക, രാഷ്ട്രീയ, സാമ്പത്തിക ശക്തിയായി അവര്‍ വളര്‍ന്നു. സൈന്യത്തേക്കാള്‍ അംഗസംഖ്യ കുറവാണെങ്കിലും ഇറാനിലെ ഏറ്റവും ശക്തമായ സേന റവല്യൂഷനറി ഗാര്‍ഡാണ്.

സൗദിയെയും ഇസ്രയേലിനെയും അപേക്ഷിച്ച് ഇറാന്റെ വ്യോമസേന ചെറുതാണെങ്കിലും മിസൈല്‍ ശക്തിയില്‍ ആരെക്കാലും കരുത്തുള്ളവരാണ് അവര്‍. ഹ്രസ്വ,ദീര്‍ഘ ദൂര, ഭൂഖണ്ഡാന്തര മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. പോരാത്തതിന് അതിശക്തമായ സൈബര്‍ സേനയും അവര്‍ക്ക് കൈമുതലാണ്.

റവല്യൂഷനറി ഗാര്‍ഡ്സിനുവേണ്ടി വിദേശരാജ്യങ്ങളില്‍ രഹസ്യദൗത്യങ്ങള്‍ നടത്തുന്നത് ഖുദ്സ് സേനയാണ്. ഇതിന്റെ തലവനായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയോടാണ് സേന നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. സേനയില്‍ 5000 പേരുണ്ടെന്നാണു വിവരം. സിറിയയിലെ ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സേനയെയും ഷിയ പോരാളികളെയും ഖുദ്സ് ഫോഴ്സ് സഹായിച്ചിരുന്നു. ഇറാഖില്‍ ഷിയ ഭൂരിപക്ഷമുള്ള അര്‍ധസൈനിക വിഭാഗത്തെയാണ് ഖുദ്സ് ഫോഴ്സ് പിന്തുണച്ചത്. ഇതു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ത്തു. എന്നാല്‍ മധ്യപൂര്‍വ ദേശത്തെ വിവിധ ഭീകരസംഘടനകള്‍ക്കു വഴിവിട്ട രീതിയില്‍ സാമ്പത്തിക സഹായവും പരിശീലനവും ആയുധങ്ങളും ഖുദ്സ് ഫോഴ്സ് നല്‍കുന്നുവെന്നാണ് യുഎസിന്റെ ആരോപണം. ലബനനിലെ ഹിസ്ബുല്ല, ഫലസ്തീനിലെ ഹമാസ് തുടങ്ങിയ സംഘടനകള്‍ക്കു സഹായം നല്‍കുന്നത് ഖുദ്സ് ഫോഴ്സ് ആണെന്നും യുഎസ് പറയുന്നു.

എന്നാല്‍ ഉപരോധവും ആഭ്യന്തര പ്രശ്‌നങ്ങളും ആയുധ ഇറക്കുമതി ഗണ്യമായി കുറച്ചു. പ്രധാനമായും അമേരിക്കയുടെ ഒത്ത എതിരാളിയായ റഷ്യയില്‍ നിന്നാണ് ഇറാന്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല രഹസ്യമായി ആണവായുധം ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഒരു ശ്രുതിയുണ്ട്. മരുഭൂമിയ്ക്കടിയിലെ ആയുധപ്പുരയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. അതീവ സുരക്ഷയിലാണ് ഇറാന്റെ സൈനിക ഗവേഷണങ്ങള്‍ അരങ്ങേറുന്നത്.

Related posts