കൊച്ചി: ചികിത്സാസഹായ വാഗ്ദാനത്തിന്റെ മറവിൽ വയനാട് പുൽപ്പള്ളി സ്വദേശനിയായ യുവതിക്കു കൊച്ചിയില്‍ നേരിടേണ്ടിവന്നതു ക്രൂരമായ കൂട്ട ലൈംഗിക പീഡനം.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇതുസംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് റിമാന്‍ഡിലാണ്.
മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ വീട്ടിൽ ഷംഷാദ് (24), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് വീട്ടിൽ ഫസൽ മഹബൂബ് (23), അമ്പലവയൽ ഇലവാമിസീറല വീട്ടിൽ സൈഫു റഹ്മാൻ (26) എന്നിവരാണ് റിമാൻഡിലായത്.
കഴിഞ്ഞ മാസം 26നാണ് ഡോക്ടറെ കാണിക്കാൻ ചികിത്സാ സഹായം വാഗ്ദാനം ചെയ്തു യുവതിയെ ഇവർ കൊച്ചിയില്‍ എത്തിച്ചത്.
ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കു സമീപമുളള ലോഡ്ജില്‍ മുറിയെടുത്തു താമസിപ്പിച്ചു.
അടുത്ത ദിവസം ലഹരി നല്കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷം ചാരിറ്റി പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഇവർ ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
രോഗത്തിനിടെ
ഇവർക്കു നേരത്തെ ഹൃദയാഘാതവും സ്ട്രോക്കും വന്നിട്ടുണ്ട്. ഗുരുതര രോഗങ്ങളുള്ള ഇവര്‍ മറ്റാരും സഹായത്തിന് ഇല്ലാത്തതിനാലാണ് ഇവര്‍ക്കൊപ്പം എറണാകുളത്തേക്കു കാറില്‍ പോന്നതെന്നു പറയുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് അമ്മയും രണ്ടു മക്കളുമാണ് ഉള്ളത്.
യുവതി പറയുന്നത് ഇങ്ങനെ- വയനാട്ടില്‍നിന്ന് 26ന് രാത്രി 11.30 ഓടെയാണ് എറണാകുളത്ത് എത്തിയത്.
തനിക്കു പ്രത്യേക മുറി വേണമെന്നു പറഞ്ഞതിനാല്‍ മുറിയെടുത്തു തന്നു. പിറ്റേന്നു ഹര്‍ത്താല്‍ ആയതിനാല്‍ ഡോക്ടറെ കാണാനാവില്ല എന്നു കൊണ്ടുവന്ന ചാരിറ്റി പ്രവര്ത്തകന് പറഞ്ഞു.
ഞായറാഴ്ച അവധിയാണെന്നു പറഞ്ഞ് അന്നും ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല.
അടുത്ത ദിവസം മറ്റൊരു കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയുടെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നു പറഞ്ഞു ചാരിറ്റിപ്രവര്‍ത്തകൻ പുറത്തു പോയിട്ട് ഉച്ചയ്ക്കാണ് തിരിച്ചെത്തിയത്.
ജ്യൂസ് തന്നു
ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലില്‍ പോയി കഴിച്ച ശേഷം തിരികെ മുറിയില്‍ വന്നു.
വൈകിട്ട് തനിക്കു ഭക്ഷണം വേണ്ടെന്നു പറഞ്ഞതിനാല്‍ ജ്യൂസ് വാങ്ങി തന്നതു ചെറുപ്പക്കാരുടെ മുറിയില്‍ പോയാണ് കഴിച്ചത്.
അതുകഴിച്ചു പതിനഞ്ചു മിനിറ്റു കഴിയുംമുമ്പേ ശരീരം കുഴയാന്‍ തുടങ്ങി. ഇക്കാര്യം അവരോടു പറഞ്ഞു.
തന്റെ മുറിയില്‍ പോകണമെന്നു പറഞ്ഞ് എഴുന്നേറ്റെങ്കിലും വീഴാന്‍ പോയപ്പോള്‍ രണ്ടു പേര് കൈയില്‍ കയറിപ്പിടിച്ചു. തന്റെ മുറിയില്‍ എത്തിച്ചെങ്കിലും അവര്‍ തിരികെ പോകാന്‍ കൂട്ടാക്കിയില്ല.
വായ് പൊത്തിപ്പിടിച്ചു…
ആദ്യം ചാരിറ്റി പ്രവര്ത്തകന് ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് കൂടെയുള്ള രണ്ടു യുവാക്കളും ഉപദ്രവിച്ചു.
രാത്രി 11 വരെ ഈ ഉപദ്രവം തുടര്‍ന്നു. ഒന്നും ചെയ്യല്ലേയെന്നു കരഞ്ഞു പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല.
ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ വായ് പൊത്തിപ്പിടിച്ചു. ഇതിനിടെ കടുത്ത ശ്വാസം മുട്ടല്‍ ഉണ്ടായി. അവര്‍ തുടര്‍ച്ചയായി ഇന്‍ഹെയ്ലര്‍ തന്നു.
പുലര്‍ച്ചെ മൂന്നിന് ഉണര്‍ന്നപ്പോള്‍ ശരീരം ആകെ തളര്‍ന്ന് അവശ നിലയില്‍ ആയിരുന്നു. രാവിലെ അവര്‍ മുറിയില്‍ വന്നപ്പോള്‍ അവരുമായി വഴക്കുണ്ടാക്കി.
ഇന്നലെ കഴിച്ചതിന്റെ ഹാംഗ് ഓവറിലാണ് ശരീരത്തിനു തളര്‍ച്ച തോന്നുന്നതെന്നു ചാരിറ്റി പ്രവര്ത്തകന് പറഞ്ഞു.
ഇന്നലെ കഴിക്കാന്‍ എന്താണു തന്നതെന്നു ചോദിച്ചിട്ടു പറഞ്ഞില്ല. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി. അവിടെ വച്ച് കുഴഞ്ഞുവീണു.
ഹോട്ടലുകാര്‍ ഇടപെട്ട് ഓട്ടോ പിടിച്ച് അടുത്ത ആശുപത്രിയിലെത്തിച്ചു. ഡിപ്രഷനു മരുന്നു കഴിക്കുന്നതിനാലാണ് ക്ഷീണം എന്നാണ് ഈ മൂന്നു ചെറുപ്പക്കാരും ആശുപത്രിയില്‍ പറഞ്ഞത്.
അവിടെ അഡ്മിറ്റ് ആകാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ഇവര്‍ നിര്‍ബന്ധിച്ചു തിരികെ കൊണ്ടു പോന്നു.
വയനാട്ടില്‍ എത്തിയിട്ടും താന്‍ ആ ഭീതിയില്‍ നിന്നു മോചിതയായിട്ടില്ലെന്നു യുവതി പറയുന്നു.