ന്യൂഡൽഹി: ഉറ്റ ചങ്ങാതിമാരായ സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും ഇന്ന് കളത്തിൽ നേർക്കുനേർ കൊന്പുകോർക്കും.
വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ഫൈനൽ എന്ന ലക്ഷ്യത്തിനായുള്ള ഏറ്റുമുട്ടലായതിനാൽ സൗഹൃദത്തിനു കളത്തിൽ സ്ഥാനമില്ല. മാത്രമല്ല, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പടനയിച്ചാണ് സ്മൃതിയുടെ വരവ്. നിലവിലെ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ അമരക്കാരിയാണ് ഹർമൻപ്രീത് കൗർ.
ചുരുക്കത്തിൽ കളത്തിൽ ഇരുവരും ഇന്ന് ‘ദോസ്ത് നഹീ, ദുശ്മൻ ഹേ’… പ്ലേ ഓഫ് എലിമിനേറ്ററിൽ ഇന്ന് ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിൽ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ.
കന്നി പ്ലേ ഓഫ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനിത് കന്നി പ്ലേ ഓഫ്. 2023ലെ പ്രഥമ ഡബ്ല്യുപിഎല്ലിന്റെ ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ആർസിബി വനിതകൾക്ക് സാധിച്ചുള്ളൂ.
കഴിഞ്ഞ സീസണ് ലീഗ് റൗണ്ടിലെ എട്ട് മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ടിരുന്നു ആർസിബി. എന്നാൽ, 2024 സീസണിൽ നാല് ജയവും നാല് തോൽവിയുമായി എട്ട് പോയിന്റോടെയാണ് സ്മൃതിയും സംഘവും ലീഗ് റൗണ്ടിൽ മൂന്നാം സ്ഥാനത്തോടെ പ്ലേ ഓഫ് എലിമിനേറ്ററിൽ ഇടംനേടിയത്.
രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 259 റണ്‍സുമായി സ്മൃതിയാണ് ലീഗ് റൗണ്ടിൽ ആർസിബിയുടെ ടോപ് സ്കോറർ. ഏഴ് മത്സരങ്ങളിൽ 246 റണ്‍സുമായി ഓസീസ് താരം എല്ലിസ് പെറിയും ആർസിബിയുടെ ബാറ്റിംഗ് കരുത്തായി. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ആശാ ശോഭനയാണ് ടീമിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്നത്.
തനിയാവർത്തനം
മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് ഇന്നു നടക്കുന്ന എലിമിനേറ്റർ 2023ന്റെ തനിയാവർത്തനമാണ്. 2023 എഡിഷനിലും ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു മുംബൈ.
ഒന്നാം സ്ഥാനത്തോടെ ഡൽഹി ക്യാപ്പിറ്റൽസ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്നാൽ, എലിമിനേറ്റർ ജയിച്ച് ഫൈനലിലെത്തിയ മുംബൈ കിരീട പോരാട്ടത്തിൽ ഡൽഹിയെ കീഴടക്കി.
2024ലും ഇത് ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ് ഹർമൻപ്രീത് കൗറും സംഘവും. 2024 ലീഗ് റൗണ്ടിൽ അഞ്ച് ജയത്തിലൂടെ 10 പോയിന്റ് നേടിയാണ് മുംബൈ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ആറ് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി ഉൾപ്പെടെ 235 റണ്‍സ് നേടിയ ഹർമൻപ്രീതാണ് മുംബൈയുടെ ടോപ് സ്കോറർ. ഹർമൻപ്രീതാണ് (95*) ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ. ആറ് മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഷബ്നിം ഇസ്മയിലാണ് മുംബൈയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നത്.